ന്യൂഡൽഹി: പാകിസ്ഥാനിലെ ഭീകര ക്യാമ്പുകൾ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിന് പിന്നാലെ രാജ്യം അതീവ ജാഗ്രതയിൽ . സുരക്ഷാ കാരണങ്ങളാൽ രാജ്യത്തെ 27 വിമാനത്താവളങ്ങൾ അടച്ചു. ജമ്മു കശ്മീരിലേതുൾപ്പെടെയുള്ള വിമാനത്താവളങ്ങൾ മെയ് 10 ശനിയാഴ്ച പുലർച്ചെ 5.29 വരെ അടച്ചിട്ടതായി റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യൻ വിമാനക്കമ്പനികൾ ഇതുവരെ 430 വിമാനങ്ങൾ റദ്ദാക്കിയതായും റിപ്പോർട്ടുണ്ട്.
ശ്രീനഗർ, ജമ്മു, ലേ, ചണ്ഡീഗഢ്, അമൃത്സർ, ലുധിയാന, പട്യാല, ബതിന്ദ, ഹൽവാര, പത്താൻകോട്ട്, ഭുന്തർ, ഷിംല, ഗഗ്ഗൽ, ധർമ്മശാല, കിഷൻഗഡ്, ജയ്സാൽമീർ, ജോധ്പൂർ, ബിക്കാനീർ, മുണ്ട, ജാംനഗർ, രാജ്കോട്ട്, പോർബന്ദർ, കാണ്ട്ല, കെശോദ്, ഭുജ്, ഗ്വാളിയോർ, ഹിൻഡൺ എന്നീ വിമാനത്താവളങ്ങളാണ് അടച്ചിട്ടത്. ഇന്നലെ ഏകദേശം 250 വിമാനങ്ങൾ റദ്ദാക്കി. അമൃത്സറിലേക്കുള്ള രണ്ട് അന്താരാഷ്ട്ര വിമാനങ്ങൾ ഡൽഹിയിലേക്ക് തിരിച്ചുവിട്ടതായി എയർ ഇന്ത്യ അറിയിച്ചു.
സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ജമ്മു കശ്മീർ മേഖലയിലെ പത്ത് വിമാനത്താവളങ്ങൾ അടച്ചു. മേഖലയിലേക്കുള്ള എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് വിമാനങ്ങൾ പൂർണ്ണമായും റദ്ദാക്കി. പാകിസ്ഥാനിൽ നിന്നുള്ള പ്രതികാര ആക്രമണം തടയാൻ അന്താരാഷ്ട്ര അതിർത്തിയിൽ ബിഎസ്എഫ് അതീവ ജാഗ്രതയിലാണ്.
പാകിസ്ഥാൻ വിമാനക്കമ്പനികളും 147 വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. അതേസമയം, പാകിസ്ഥാൻ സൈന്യം ശ്രീനഗർ വിമാനത്താവളം ലക്ഷ്യമിട്ടുവെന്ന റിപ്പോർട്ടുകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.ഖത്തർ എയർവേയ്സ് പാകിസ്ഥാനിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. പാകിസ്ഥാൻ വ്യോമാതിർത്തി അടച്ചതിനെ തുടർന്നാണിത്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകുമെന്നും എയർലൈൻ സോഷ്യൽ മീഡിയയിൽ അറിയിച്ചു.

