പാലക്കാട്: വിവാദങ്ങൾക്കും നിയമനടപടികൾക്കും ശേഷം, എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് പാലക്കാട് . തന്റെ നേതൃത്വത്തിൽ നിർമ്മിച്ച വീടുകളുടെ താക്കോൽ കൈമാറാനാണ് രാഹുൽ മണ്ഡലത്തിലെത്തുന്നത്. മൂന്നാമത്തെ ബലാത്സംഗ കേസിൽ അറസ്റ്റിലായ ശേഷം മണ്ഡലത്തിൽ ഒരു പൊതുപരിപാടിയിൽ രാഹുൽ പങ്കെടുക്കുന്നത് ഇതാദ്യമാണ്
ജനുവരി 11 നാണ് മൂന്നാമത്തെ ബലാത്സംഗ കേസിൽ രാഹുൽ അറസ്റ്റിലായത് . നിലവിൽ മറ്റ് കേസുകളിൽ ജാമ്യത്തിലിരിക്കുന്ന രാഹുലിനെതിരെ ആദ്യ ബലാത്സംഗ കേസ് ഫയൽ ചെയ്ത പരാതിക്കാരി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകിയിരിക്കുന്നത്.
യുവതിയെ ബലാത്സംഗം ചെയ്യുകയും ഗർഭഛിദ്രം നിർബന്ധിക്കുകയും ചെയ്ത കേസിൽ രാഹുലിന് ജാമ്യം ലഭിച്ചു. രാഹുൽ പുറത്ത് തുടരുന്നത് തന്റെ ജീവന് ഭീഷണിയാണെന്നും ജാമ്യം നൽകുന്നത് നിയമവിരുദ്ധമാണെന്നും യുവതി തന്റെ ഹർജിയിൽ ആരോപിച്ചു. പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടി ഉൾപ്പെടെ പത്തോളം പേരെ രാഹുൽ ബലാത്സംഗം ചെയ്തിട്ടുണ്ടെന്നും ഹർജിയിൽ ആരോപിക്കുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിയിരിക്കെയാണ് രാഹുൽ മണ്ഡലത്തിലേക്ക് എത്തുന്നത്. എന്നാൽ, രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ സാഹചര്യത്തിൽ, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ആരായിരിക്കുമെന്നതിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. നിലവിലെ സാഹചര്യത്തിൽ നടൻ രമേശ് പിഷാരടി സ്ഥാനാർത്ഥിയാകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.

