തൃശൂർ : നാട്ടികയിൽ സിപിഐ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ഗീത ഗോപിയെ ശക്തമായി വിമർശിച്ച് സി സി മുകുന്ദൻ എംഎൽഎ . നാട്ടിക ഒരു പേയ്മെന്റ് സീറ്റാണെന്നാണ് മുകുന്ദന്റെ ആരോപണം. മുൻ എംഎൽഎ ഗീത ഗോപിക്ക് പണം പിരിക്കാനും, നൽകാനും കഴിവുണ്ടെന്നും മോശം പ്രകടനം കാഴ്ചവെച്ച അവരെ മത്സരിപ്പിക്കുന്നത് ശരിയല്ലെന്നും എംഎൽഎ പറഞ്ഞു.
സിപിഐ ഇപ്പോഴത്തെ എംഎൽഎ മുകുന്ദന് പകരം ഗീതയെ മത്സരിപ്പിക്കാൻ തീരുമാനിച്ചിരുന്നു. അതിനു പിന്നാലെയാണ് മുകുന്ദൻ മാധ്യമങ്ങളോട് ശക്തമായി പ്രതികരിച്ചത് .‘ പണം പിരിക്കാനും കൊടുക്കാനും എനിക്ക് കഴിവില്ല. സാമ്പത്തിക സ്വാധീനം മൂലമാണ് പാർട്ടി അവർക്ക് സീറ്റ് നൽകിയത്. പാർട്ടി സീറ്റ് നൽകിയില്ലെങ്കിലും മത്സരിക്കുമെന്നും ‘ അദ്ദേഹം വ്യക്തമാക്കി. വിവിധ മുന്നണികൾ അദ്ദേഹവുമായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
സിപിഐയിലെ വിഭാഗീയതയാണ് തന്നെ ഒഴിവാക്കിയതിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെക്കുറിച്ച് പാർട്ടി ഒന്നും പറഞ്ഞില്ല. ചേർപ്പ് മണ്ഡലം കമ്മിറ്റി അദ്ദേഹത്തിന്റെ പേര് ശുപാർശ ചെയ്യാത്തതിന്റെ കാരണം വിഭാഗീയതയാണ്. എല്ലാ എംഎൽഎമാർക്കും രണ്ട് ടേം നൽകിയ ശേഷം അവരെ മാത്രമേ ഒഴിവാക്കിയിട്ടുള്ളൂവെന്നും അദ്ദേഹം ആരോപിച്ചു.

