ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ ഉണ്ടായ അക്രമ പരമ്പരയിൽ അന്വേഷണം ആരംഭിച്ച് ഗാർഡ. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം സമീപിക്കണമെന്ന് ഗാർഡ അറിയിച്ചു. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു ലിമെറിക്കിനെ പരിഭ്രാന്തിയിലാഴ്ത്തിയ സംഭവം ഉണ്ടായത്.
രാത്രി 11.55 ന് ഷാനബൂലി റോഡിൽ ആയിരുന്നു ആദ്യത്തെ സംഭവം റിപ്പോർട്ട് ചെയ്തത്. രണ്ട് കാറുകളിലായി എത്തിയ സംഘം പ്രദേശത്തെ വീട്ടിലേക്ക് അതിക്രമിച്ച് കടന്ന് വീട്ടിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കുകയായിരുന്നു.
പിന്നാലെ ഒരു മണിയോടെ ഡബ്ലിൻ റോഡിലെ കാരവനിലും അതിക്രമിച്ച് കയറി നാശനഷ്ടങ്ങൾ വരുത്തി. ഇവിടെ നിന്നും അക്രമി സംഘം കാറുകളിൽ രക്ഷപ്പെടുകയായിരുന്നു. മോഷണ ശ്രമം ആണ് ഉണ്ടായതെന്നാണ് ഗാർഡ സംശയിക്കുന്നത്. അതേസമയം ഇവരുടെ ആക്രമണത്തിൽ ആർക്കും പരിക്കില്ല.

