തിരുവനന്തപുരം : ഗ്ലോബൽ അയ്യപ്പ സംഗമത്തിന്റെ സമാപന ദിവസം വിജയ് യേശുദാസ്, വീരമണി രാജു, സുദീപ് എന്നിവർ നയിച്ച ഗാനമേളയ്ക്ക് 28 ലക്ഷം രൂപ ചെലവഴിച്ചതായി മന്ത്രി വി എൻ വാസവൻ . ഇഷാൻ ദേവിന്റെ സംഗീത പരിപാടിക്ക് 8 ലക്ഷം രൂപ ചെലവഴിച്ചു. ആകെ 36 ലക്ഷം രൂപ ചെലവായതായാണ് മന്ത്രി വി എൻ വാസവൻ നിയമസഭയെ അറിയിച്ചത്.
വിജയ് യേശുദാസും സംഘവും നയിച്ച പരിപാടിയുടെ ചെലവ് 28 ലക്ഷം രൂപയായി നിശ്ചയിച്ചിരുന്നെങ്കിലും 14 ലക്ഷം രൂപ മാത്രമാണ് നൽകിയതെന്നും അദ്ദേഹം മറുപടിയിൽ വ്യക്തമാക്കി. ഇഷാൻ ദേവിന്റെ പരിപാടിക്ക് 8 ലക്ഷം രൂപ നിശ്ചയിച്ചിരുന്നെങ്കിലും 4 ലക്ഷം രൂപ മാത്രമാണ് നൽകിയത്. കലാ-സാംസ്കാരിക പരിപാടികൾക്ക് അനുവദിച്ചതിന്റെ ഇരട്ടി തുകയുടെ ബില്ലുകൾ നൽകിയെന്ന ആരോപണം ശരിയല്ലെന്നും വാസവൻ പറഞ്ഞു. കെ കെ രമ, ടി ജെ വിനോദ്, കെ ബാബു, മാത്യു കുഴൽനാടൻ എന്നിവർക്ക് മറുപടി നൽകവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘നന്ദഗോവിന്ദ ഭജൻസിന്റെ അസൗകര്യം മൂലമാണ് ഇഷാൻ ദേവിന്റെ പരിപാടി നടത്തിയത്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ചെന്ന് രേഖപ്പെടുത്തിയത് ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചറിന് സംഭവിച്ച പിഴവാണ്. ഏജൻസി നൽകുന്ന അപൂർണ്ണവും വ്യക്തമല്ലാത്തതുമായ ബില്ലുകൾ അനുവദിക്കില്ല. ദേവസ്വം ബോർഡിന്റെ ടാസ്ക് ഫോഴ്സ് ഓഡിറ്റ് റിപ്പോർട്ടിലെ പോരായ്മകൾ പരിശോധിച്ചതിന് ശേഷം മാത്രമേ ബാക്കി തുക നൽകൂ. അയ്യപ്പ സംഗമത്തിന്റെ സ്പോൺസർ ആയിരുന്നില്ല കേരള ബാങ്ക്. സ്പോൺസർഷിപ്പിന് കേരള ബാങ്ക് പണം നൽകിയിട്ടില്ല,’ മന്ത്രി വ്യക്തമാക്കി

