കണ്ണൂർ: പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഹയർ സെക്കൻഡറി സ്കൂളിലെ മുൻ പ്രിൻസിപ്പലും മോട്ടിവേഷണൽ സ്പീക്കറുമായ കെ സി ഷാജു (59) അറസ്റ്റിലായി. എടത്തൊട്ടി കോട്ടയാട് സ്വദേശി ഷാജുവിനെ മുഴക്കുന്ന് പോലീസാണ് അറസ്റ്റ് ചെയ്തത്. കൗൺസിലിംഗിനായി എത്തിയ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. ഇയാൾക്കെതിരെ മുൻപും സമാനമായ പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ ഷാജുവിനെ റിമാൻഡ് ചെയ്തു.
പ്രിൻസിപ്പലായി വിരമിച്ച ശേഷം, ഹയർ സെക്കൻഡറി വകുപ്പിന്റെ കരിയർ ഗൈഡൻസും കൗമാര കൗൺസിലിംഗും സംബന്ധിച്ച സംസ്ഥാന ഫാക്കൽറ്റിയായി ഷാജു ജോലി ചെയ്തു വരികയായിരുന്നു. സോഷ്യൽ മീഡിയയിൽ പതിവായി മോട്ടിവേഷണൽ വീഡിയോകൾ നിർമ്മിക്കുകയും ചെയ്തു. വിദ്യാഭ്യാസ വകുപ്പിനായി നിരവധി അവബോധ ക്ലാസുകളും ഷാജു എടുത്തിരുന്നു. സൈക്കോളജിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, ലൈഫ് സ്കിൽസ് ട്രെയിനർ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.

