ഡബ്ലിൻ: ട്രംപിന്റെ താരിഫിൽ അയർലൻഡിന് ആശ്വാസം. ഇറക്കുമതിചെയ്യുന്ന ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങൾക്കുള്ള നൂറ് ശതമാനം തീരുവ യൂറോപ്യൻ യൂണിയന് ബാധകമാകില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. അയർലൻഡ് ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങൾക്ക് 15 ശതമാനം മാത്രമായിരിക്കും താരിഫ്.
അമേരിക്കയുമായി വ്യാപാര കരാറുകളിൽ ഏർപ്പെട്ടിരിക്കുന്ന രാജ്യങ്ങൾക്ക് 100 ശതമാനം നികുതി ഉണ്ടായിരിക്കില്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. യൂറോപ്യൻ രാജ്യങ്ങൾക്ക് സമാനമായ രീതിയിൽ ജപ്പാനും 15 ശതമാനം താരിഫ് ഏർപ്പെടുത്തിയിട്ടുണ്ട്. താരിഫ് ഉണ്ടെങ്കിലും 100 ശതമാനം താരിഫ് ചുമത്തിയില്ലല്ലോ എന്നതാണ് യൂറോപ്യൻ രാജ്യങ്ങൾക്ക് ആശ്വാസമാകുന്നത്.
അമേരിക്കയിലേക്ക് മരുന്നുകളും മറ്റ് ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങളും കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ പ്രധാന സ്ഥാനമാണ് അയർലൻഡിന് ഉള്ളത്. അതുകൊണ്ട് തന്നെ 100 ശതമാനം താരിഫ് അയർലൻഡിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്.

