ന്യൂഡൽഹി: ജിം ട്രെയിനർ ദീപക് കുമാറിനെ സന്ദർശിച്ച് കോൺഗ്രസ് എംപിയും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി . ദീപക്കിന്റെ ജിമ്മിൽ അംഗത്വമെടുക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ജനുവരി 26 ന് ‘ബാബ സ്കൂൾ ഡ്രസ് ആൻഡ് മാച്ചിങ് സെന്റർ’ എന്ന കടയുടെ പേരിനെച്ചൊല്ലി ബജ്രംഗ് ദൾ പ്രവർത്തകരും കടയുടമയുമായി തർക്കം ഉണ്ടായിരുന്നു. ഇതിനിടെ ദീപക് ബജ്രംഗ് ദൾ പ്രവർത്തകരുമായി ഏറ്റുമുട്ടാനെത്തി. കടയുടെ പേരിൽ ‘ബാബ’ എന്ന വാക്ക് പ്രാദേശിക ദേവതയെ അപമാനിക്കുന്നതായി അവകാശപ്പെട്ടാണ് ബജ്രംഗ് ദൾ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്. വാഗ്വാദത്തിനിടെ, കുമാർ പരിഹാസരൂപേണ തന്നെ ‘മുഹമ്മദ് ദീപക്’ എന്ന് പരിചയപ്പെടുത്തി, ഇതിൻ്റെ ക്ലിപ്പ് വൈറലാകുകയും ചെയ്തു.
കൂടിക്കാഴ്ചയ്ക്ക് രാഹുൽ തന്നെ നേരിട്ട് ക്ഷണിക്കുകയും കുടുംബത്തോട് സംസാരിക്കുകയും താൻ “ഒരു തെറ്റും ചെയ്തിട്ടില്ല” എന്ന് ഉറപ്പുനൽകുകയും ചെയ്തുവെന്ന് ദീപക് പറഞ്ഞു. താൻ ഭയപ്പെടേണ്ടതില്ലെന്ന് പറഞ്ഞതായും കോട്ദ്വാർ സന്ദർശിച്ച് തന്റെ ജിമ്മിൽ അംഗത്വം എടുക്കാനുള്ള ആഗ്രഹം രാഹുൽ പ്രകടിപ്പിച്ചതായും ദീപക് പറഞ്ഞു.
കോട്ദ്വാറിൽ വാടകയ്ക്ക് എടുത്ത സ്ഥലത്താണ് താൻ ജിം നടത്തുന്നത്. വിവാദം തന്റെ ഉപജീവനത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നും ദീപക് പറഞ്ഞു. നേരത്തെ, അദ്ദേഹത്തിന്റെ ജിമ്മിൽ ദിവസവും 150 ഓളം അംഗങ്ങൾ പരിശീലനം നേടിയിരുന്നു, എന്നാൽ ഇപ്പോൾ ഈ എണ്ണം 15 ആയി കുറഞ്ഞുവെന്നും ദീപക് പറയുന്നു.
അതേസമയം ദീപക്കിനെതിരെ ബജ്രംഗ് ദൾ നൽകിയ പരാതിയിൽ പൊലീസ് കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഇരുവശത്തുനിന്നും പരാതികൾ ലഭിച്ചതായും എഫ്ഐആർ രജിസ്റ്റർ ചെയ്തതായും പൗരി ഗർവാൾ എസ്എസ്പി സർവേഷ് പൻവാർ പറഞ്ഞു.

