തിരുവനന്തപുരം: രണ്ടാമത്തെ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് നൽകിയ ജാമ്യം റദ്ദാക്കാനുള്ള നീക്കവുമായി ക്രൈംബ്രാഞ്ച് . ഇക്കാര്യം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. ജാമ്യത്തിലെ അഞ്ചാമത്തെ വ്യവസ്ഥയായ അതിജീവിതയെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്ന വ്യവസ്ഥ രാഹുൽ മാങ്കൂട്ടത്തിൽ ലംഘിച്ചുവെന്ന് ഹർജിയിൽ ആരോപിക്കുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ഹർജി സമർപ്പിച്ചത്. ഇതിനെത്തുടർന്ന്, ഈ മാസം 28 ന് നേരിട്ട് ഹാജരാകാൻ കോടതി രാഹുൽ മാങ്കൂട്ടത്തിലിന് നോട്ടീസ് അയച്ചു.
ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നോട്ടീസ് അയച്ചത്. രണ്ടാമത്തെ പരാതിക്കാരിയെ രാഹുൽ വാട്സ്ആപ്പ് കോളിലൂടെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് ക്രൈംബ്രാഞ്ചിന് പരാതി നൽകിയിരുന്നു. ഇതിനു ശേഷമാണ് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചത്.
രാഹുൽ എല്ലാ തിങ്കളാഴ്ചയും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കരുത് എന്നീ വ്യവസ്ഥകളിലാണ് കേസിൽ ജാമ്യം നൽകിയിരുന്നത് . രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ കേസിൽ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി നേരത്തെ തടഞ്ഞിരുന്നു. ആദ്യ കേസിലെ വാദം കേൾക്കൽ പുരോഗമിക്കുന്നതിനിടെയാണ് രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തത്. കെപിസിസിക്ക് ലഭിച്ച ഇമെയിൽ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്
ഹോം സ്റ്റേയിലെത്തിച്ച് ബലാത്സംഗം ചെയ്തെന്നു കാട്ടി, ബെംഗളൂരുവില് താമസിക്കുന്ന 23 വയസ്സുകാരിയാണ് പരാതി നൽകിയത് . കേസിൽ പരാതിക്കാരി മൊഴി നൽകിയിട്ടുണ്ട്. എസ്പി പൂങ്കുഴലിയാണ് മൊഴി രേഖപ്പെടുത്തിയത് . കരഞ്ഞുകൊണ്ട് തന്നെ വെറുതെ വിടണമെന്ന് അപേക്ഷിച്ചിട്ടും രാഹുൽ തന്നെ ബലാത്സംഗം ചെയ്തതായി മൊഴിയിൽ പറയുന്നു. പലതവണ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും ഭയം കാരണം നേരത്തെ ഒന്നും പുറത്തു പറഞ്ഞില്ലെന്നും യുവതി പറഞ്ഞിരുന്നു.

