ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിൽ എത്തുന്നു. മാർച്ച് 6 ന് മോദി കൊച്ചിയിലെത്തുമെന്നാണ് റിപ്പോർട്ട്. എൻഡിഎ പ്രകടന പത്രികയും അദ്ദേഹം പുറത്തിറക്കും. മത,സാമുദായിക നേതാക്കളുമായി ചർച്ച നടത്താനും സാധ്യതയുണ്ട്. റെയില്‍വേയുമായി ബന്ധപ്പെട്ട വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കുന്നുണ്ട്.സമ്മേളനത്തിനായി തൃപ്പൂണിത്തുറ അടക്കമുള്ള സ്ഥലങ്ങൾ പരിഗണിക്കുന്നുണ്ട്.
കൊച്ചി കേന്ദ്രീകരിച്ച് മധ്യകേരളത്തിലെ പ്രവർത്തനം ഏകോപിപ്പിക്കാൻ എൻഡിഎ ഇന്ന് തൃക്കാക്കരയിൽ പുതിയ ഓഫീസ് തുറന്നു.നാളെ തിരുവനന്തപുരത്ത് നടക്കുന്ന ബിജെപി സംസ്ഥാന നേതൃയോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഓൺലൈനായി പങ്കെടുക്കുന്നുണ്ട്. ഈ യോഗത്തിനു ശേഷമായിരിക്കും പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തിന്റെ സമയം അന്തിമമായി തീരുമാനിക്കുക എന്നാണ് വിവരം.
ജനുവരി 23 ന് പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തിയിരുന്നു. കോർപ്പറേഷനിൽ ബിജെപി അധികാരത്തിൽ വന്ന് 45 ദിവസത്തിനുള്ളിൽ പ്രധാനമന്ത്രി തലസ്ഥാനം സന്ദർശിക്കുമെന്നും നഗരത്തിനായി പ്രത്യേക വികസന പദ്ധതികൾ പ്രഖ്യാപിക്കുമെന്നും ബിജെപി തിരഞ്ഞെടുപ്പ് വേളയിൽ വാഗ്ദാനം ചെയ്തിരുന്നു.

