ബെൽഫാസ്റ്റ്: ഡെറിയിൽ പോലീസുകാരനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയ്ക്കെതിരെ നിരവധി കുറ്റങ്ങൾ ചുമത്തി കോടതി. 21 കാരനും കോളൻ ലൈൻ സ്വദേശിയുമായ ഇയോൺ കാർലിന് മേലാണ് കോടതി കുറ്റം ചുമത്തിയത്. ഇയോണിനെ ഡൺഗാനൻ മജിസ്ട്രേറ്റ് കോടതിയിൽ ഇന്ന് ഹാജരാക്കിയിരുന്നു.
വ്യാഴാഴ്ച ആയിരുന്നു പ്രതി പോലീസുകാരനെ ആക്രമിച്ചത്. പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇയാൾ പോലീസുകാരന്റെ കാലിൽ കുത്തുകയായിരുന്നു. തുടർന്ന് നെഞ്ചിൽ കുത്താൻ ശ്രമിച്ചെങ്കിലും അത് പോലീസുകാരൻ തടഞ്ഞു. ഇതിനിടെ മറ്റ് പോലീസുകാർ ചേർന്ന് പ്രതിയെ പിടികൂടുകയായിരുന്നു. വധശ്രമം, പോലീസുകാരനെ ആക്രമിക്കൽ, ശാരീരിക ഉപദ്രവം ഏൽപ്പിക്കാൻ ലക്ഷ്യമിട്ടുള്ള മർദ്ദനം, പരിക്കേൽപ്പിക്കൽ, മുറിവേൽപ്പിക്കാൻ ശ്രമം, ആയുധം കൈവശം വയ്ക്കൽ, സി, ബി ക്ലാസുകളിൽപ്പെട്ട ലഹരി കൈവശം വയ്ക്കൽ എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

