കോർക്ക്: കോർക്കിൽ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ വയോധികനെ തിരിച്ചറിഞ്ഞു. ബല്ലിനാഡിയിൽ താമസിക്കുന്ന ഗസ് ഡെംപ്സിയാണ് മരിച്ചത്. മാസങ്ങൾക്ക് മുൻപ് 77 കാരനായ അദ്ദേഹത്തിന്റെ വീടും കൃഷി സ്ഥലവുമെല്ലാം കത്തിനശിച്ചിരുന്നു.
ഇന്നലെയാണ് ഡെംപ്സിയെ വഴിയരികിൽ അവശനിലയിൽ കണ്ടത്. ആളുകൾ വിവരം അറിയിച്ചതിനെ തുടർന്നെത്തിയ പോലീസ് മരണം സ്ഥിരീകരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകു.
മെയ് അഞ്ചിനായിരുന്നു അദ്ദേഹത്തിന് തീപിടിത്തത്തിൽ വീടും കൃഷിയും നഷ്ടമായത്. ശേഷം അദ്ദേഹം അയൽവാസിയ്ക്കൊപ്പം ആയിരുന്നു താമസം. അദ്ദേഹത്തിന് കൗൺസിൽ താമസസ്ഥലം അനുവദിച്ചതിന് തൊട്ട് പിന്നാലെയാണ് മരണം.

