കോർക്ക്: പ്രശസ്ത ഐറിഷ് കവി ഡെറി ഒ സുള്ളിവൻ അന്തരിച്ചു. 81 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അവശതകളെ തുടർന്ന് പാരിസിൽ ആയിരുന്നു അദ്ദേഹത്തിന്റെ വിയോഗം. വെസ്റ്റ് കോർക്ക് സ്വദേശിയായ അദ്ദേഹം കഴിഞ്ഞ ഏതാനും വർഷങ്ങളായി പാരിസിലാണ് താമസിക്കുന്നത്.
ഐറിഷ് ഭാഷയിൽ മൂന്ന് കവിതാ സമാഹാരങ്ങളാണ് അദ്ദേഹത്തിന്റേതായുള്ളത്. 1987 ൽ ആയിരുന്നു ഐറിഷ് ഭാഷയിൽ അദ്ദേഹം ആദ്യ കവിതാ സമാഹാരം പ്രസിദ്ധീകരിച്ചത്. പിന്നീട് 1994 ലും 2009 ലും കവിതാ സമാഹാരങ്ങൾ പുറത്തിറങ്ങി. ഇതിന് പുറമേ 1988 ൽ ഫ്രഞ്ച് ഭാഷയിലുള്ള അദ്ദേഹത്തിന്റെ കവിതാ സമാഹാരവും പ്രസിദ്ധീകരിച്ചു.
1944 ൽ ബാൻട്രിയിലാണ് ഡെറി ജനിച്ചത്. കോർക്ക് യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ലാറ്റിൻ, ഗ്രീക്ക്, തത്ത്വശാസ്ത്രം എന്നിവ പഠിച്ച ശേഷം അദ്ദേഹം വർഷങ്ങളോളം കപ്പൂച്ചിൻ സന്യാസിയായി ചെലവഴിച്ചു. പിന്നീട് 1969-ൽ അദ്ദേഹത്തെ പുരോഹിതനായി അഭിഷിക്തനാക്കുകയും പാരീസിലേക്ക് അയക്കുകയും ചെയ്തു. എന്നാൽ ഒരു വർഷത്തിനുശേഷം അദ്ദേഹം പൗരോഹിത്യം ഉപേക്ഷിക്കുകയായിരുന്നു.

