ഡബ്ലിൻ: കലാ-സാംസ്കാരിക വൈവിദ്ധ്യം കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി ഇന്റർനാഷണൽ ഫെസ്റ്റ്. ആയിരക്കണക്കിന് ആളുകളാണ് കഴിഞ്ഞ ദിവസം നടന്ന പരിപാടിയുടെ ഭാഗമായത്. ഡബ്ലിനിലെ കാബിന്റീലിയയിലെ കിൽബോഗെറ്റ് പാർക്കിൽ ആയിരുന്നു മേള നടന്നത്.
ഇന്ത്യയുൾപ്പെടെ 15ലധികം രാജ്യങ്ങളിൽ നിന്നുള്ള കലാപ്രതിഭകൾ ഇന്റർനാഷണൽ ഫെസ്റ്റിൽ പങ്കെടുത്തു. 500 ലേറെ കലാകാരന്മാരാണ് വേദിയിൽ അണി നിരന്നത്. ഇവരുടെ പ്രകടനങ്ങൾ കാണികളെ അത്ഭുതത്തിലാഴ്ത്തി.
ഡൺലേരി ഇന്ത്യ ഫെസ്റ്റ് ആണ് ഇക്കുറി ഇന്റർനാഷണൽ ഫെസ്റ്റ് എന്ന പേരിൽ നടത്തിയിരിക്കുന്നത്. ഡൺലേരിയിലെ മലയാളികളുടെ സംഘടനയായ സോഷ്യൽ സ്പേസ് അയർലൻഡാണ് ഫെസ്റ്റിന്റെ സംഘാടകർ. അതേസമയം ഇക്കുറി പരിപാടിയിൽ മലയാളികളുടെ പങ്കാളിത്തം കുറവായിരുന്നു. മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ തുടർച്ചയായി ആക്രമണത്തിന് ഇരയാകുന്ന പശ്ചാത്തലത്തിലാണ് ഇവർ പരിപാടിയിൽ നിന്നും വിട്ട് നിന്നത് എന്നാണ് കരുതുന്നത്.

