കോഴിക്കോട് : വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുണ്ടായ അപകടത്തിൽ ഒരാൾ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ നാലായി. ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന തിരുവങ്ങൂർ സ്വദേശി വിനോദ് (55) ആണ് മരിച്ചത് . നേരത്തെ മരിച്ച മറ്റ് മൂന്ന് പേർ കിണാശ്ശേരി സ്വദേശി അഷ്റഫ്, അത്തോളി സ്വദേശി ജബ്ബാർ, ബഷീർ എന്നിവരാണ്.
കെട്ടിടത്തിന്റെ പുറത്ത് വിശ്രമിക്കുകയായിരുന്ന തൊഴിലാളികളുടെ മേൽ കെട്ടിടഭാഗങ്ങൾ പതിച്ചാണ് അപകടം. കോൺക്രീറ്റ് സ്ലാബുകൾക്കിടയിൽ കുടുങ്ങിയവരെ മറ്റ് തൊഴിലാളികളും ഫയർഫോഴ്സും ചേർന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. പഴയ കെട്ടിടം ഉടൻ പൊളിച്ചുമാറ്റാൻ തീരുമാനിച്ചിരുന്നതായി റിപ്പോർട്ടുണ്ട്. കെട്ടിടത്തിനുള്ളിൽ നിരവധി കടകൾ പ്രവർത്തിക്കുന്നുണ്ട്.
വലിയങ്ങാടിയിലെ തൊഴിലാളികൾ സാധാരണയായി ഈ കെട്ടിടത്തിന് പുറത്താണ് വിശ്രമിക്കുന്നത്. തകർന്ന സ്ലാബുകൾക്കടിയിൽ നിരവധി ഇരുചക്ര വാഹനങ്ങളും കുടുങ്ങി. കെട്ടിടം ഒഴിയണമെന്ന് ആവശ്യപ്പെട്ട് കോർപ്പറേഷൻ നോട്ടീസ് നൽകിയിരുന്നെങ്കിലും ചില വ്യാപാരികൾ അത് അവഗണിച്ചതായി നാട്ടുകാർ ആരോപിച്ചു. കെട്ടിടം ഒഴിപ്പിക്കാൻ കോർപ്പറേഷൻ തുടർനടപടി സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്. മുന്നറിയിപ്പ് ബോർഡ് പോലും സ്ഥാപിച്ചിട്ടില്ലെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി. ഇനി ആരെയും കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്നും വീഴ്ചകൾ പരിശോധിക്കുമെന്നും മേയർ പറഞ്ഞു.
അതേസമയം, സംഭവത്തിൽ വലിയങ്ങാടിയിൽ തൊഴിലാളികൾ പണിമുടക്ക് പ്രഖ്യാപിച്ചു. കോഴിക്കോട് കോർപ്പറേഷനിലേക്ക് ബിജെപി നടത്തിയ മാർച്ച് സംഘർഷഭരിതമായി. മേയറുടെ ചേംബറിൽ ബിജെപി പ്രവർത്തകർ പ്രവേശിക്കാൻ ശ്രമിച്ചെങ്കിലും പോലീസ് അവരെ തടഞ്ഞു. ഇത് പോലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. സ്ഥലത്ത് കുത്തിയിരിപ്പ് സമരം നടത്തി ബിജെപി പ്രവർത്തകർ പ്രതിഷേധം തുടരുകയാണ്.

