ഷാർജ: ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാന് തകർപ്പൻ ജയം. ഷാർജാ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 92 റൺസിനാണ് അഫ്ഗാനിസ്ഥാൻ ബംഗ്ലാദേശിനെ തറപറ്റിച്ചത്. 6.3 ഓവറിൽ 26 റൺസ് മാത്രം വഴങ്ങി 6 ബംഗ്ലാദേശ് വിക്കറ്റുകൾ പിഴുത യുവ സ്പിന്നർ അള്ളാ മുഹമ്മദ് ഗസൻഫാർ ആണ് അഫ്ഗാനിസ്ഥാന്റെ വിജയശിൽപ്പി.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാൻ 49.4 ഓവറിൽ 235 റൺസിന് പുറത്തായി. ഇരുപതാമത്തെ ഓവറിൽ 5 വിക്കറ്റിന് 71 റൺസ് എന്ന നിലയിൽ പരുങ്ങിയ അഫ്ഗാനിസ്ഥാനെ ആറാം വിക്കറ്റിൽ ഒരുമിച്ച ക്യാപ്ടൻ ഹസ്മത്തുള്ള ഷഹീദിയും മുഹമ്മദ് നബിയും ചേർന്നാണ് കരകയറ്റിയത്. ഇരുവരും ചേർന്ന് 104 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. നിലയുറപ്പിച്ച ശേഷം ആഞ്ഞടിച്ച നബി 79 പന്തിൽ 84 റൺസ് നേടി. ഷഹീദി 52 റൺസും നേടി. ബംഗ്ലാദേശിന് വേണ്ടി പേസർമാരായ ടസ്കിൻ അഹമ്മദും മുസ്താഫിസുർ റഹ്മാനും 4 വിക്കറ്റുകൾ വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ ആത്മവിശ്വാസത്തോടെ കളിച്ച ബംഗ്ലാദേശ് അനായാസം വിജയത്തിലെത്തുമെന്ന് തോന്നിച്ച ശേഷമാണ് അവിശ്വസനീയമായി തകർന്നടിഞ്ഞത്. ഇരുപത്തിയാറാമത്തെ ഓവറിൽ 3ന് 120 എന്ന നിലയിൽ നിന്നും അവർ മുപ്പത്തിയഞ്ചാമത്തെ ഓവറിൽ 143 റൺസിന് ഓൾ ഔട്ടായി. രവിചന്ദ്രൻ അശ്വിനെ അനുസ്മരിപ്പിക്കുന്ന കാരം ബോളുകളുമായി അള്ളാ മുഹമ്മദ് ഗസൻഫാറും സ്വതസിദ്ധമായ ഗൂഗ്ലികളുമായി റാഷിദ് ഖാനും കളം നിറഞ്ഞപ്പോൾ പരിചയസമ്പന്നമായ ബംഗ്ലാദേശ് ബാറ്റിംഗ് നിര അക്ഷരാർത്ഥത്തിൽ തരിപ്പണമായി.
റാഷിദ് ഖാൻ 2 വിക്കറ്റുകൾ വീഴ്ത്തി. 47 റൺസെടുത്ത ക്യാപ്ടൻ നജ്മുൽ ഹുസൈൻ ഷാന്റോയാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറർ. ഷാന്റോ ഉൾപ്പെടെ ആകെ നാല് ബംഗ്ലാദേശ് ബാറ്റ്സ്മാന്മാർക്ക് മാത്രമാണ് രണ്ടക്കം കടക്കാൻ സാധിച്ചത്.