ഷാർജ : യുഎഇയിലെ താമസ കെട്ടിടത്തിലെ തീപിടിത്തത്തിൽ മരണസംഖ്യ അഞ്ചായി ഉയർന്നു. തീപിടിത്തത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ 3 പേർ കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടിയാണ് മരിച്ചത്. കൂടാതെ ഒരാൾ അപകടത്തിന്റെ ഞെട്ടലിൽ ഹൃദയാഘാതം സംഭവിച്ചും, മറ്റൊരാൾ കനത്ത പുകയിൽ ശ്വാസം മുട്ടിയും ആണ് മരിച്ചത് .
റെസിഡൻഷ്യൽ കെട്ടിടത്തിന്റെ നാൽപ്പത്തിനാലാമത്തെ നിലയിലാണ് തീപിടിത്തം ഉണ്ടായത്. ആറുപേർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ അൽ ഖാസിമി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവരുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു .
ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. ഉടൻ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിക്കുകയും, കെട്ടിടത്തിനുള്ളിലെ താമസക്കാരെ പുറത്തെത്തിക്കുകയും ചെയ്തു. ഏഴു മണിയോടെ
സംഭവ സ്ഥലത്തെ തീ പൂർണ്ണമായും അണച്ചു. തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം ഇതുവരെ വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.