ന്യൂഡൽഹി: 13,000 കോടി രൂപയുടെ പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) വായ്പാ തട്ടിപ്പ് കേസിൽ ഇന്ത്യ തേടുന്ന വജ്രാഭരണ വ്യാപാരി മെഹുൽ ചോക്സിയെ ബെൽജിയത്തിൽ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. ശനിയാഴ്ചയാണ് ചോക്സി പിടിയിലായത്.
ഇന്ത്യയ്ക്ക് കൈമാറണമെന്ന അപേക്ഷയെ തുടർന്നാണ് ബെൽജിയം പൊലീസ് മെഹുൽ ചോക്സിയെ അറസ്റ്റ് ചെയ്തത്. മെഹുൽ ചോക്സിക്കെതിരെ നേരത്തെ ഇന്റർപോൾ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇന്ത്യൻ അന്വേഷണ ഏജൻസികളായ ഇ.ഡി, സിബിഐ എന്നിവരാണ് മെഹുൽ ചോക്സിയെ ബെൽജിയത്തിൽനിന്നു നാടുകടത്തണമെന്ന് ആവശ്യപ്പെട്ടത്.
ചോക്സി, അദ്ദേഹത്തിൻ്റെ അനന്തരവൻ നീരവ് മോദി, ഒപ്പം അവരുടെ കുടുംബാംഗങ്ങൾ, ജീവനക്കാർ, ബാങ്ക് ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ നിരവധി കൂട്ടാളികൾക്കുമെതിരെ 2018-ൽ ഇഡിയും സിബിഐയും കേസെടുത്തിരുന്നു . മുംബൈയിലെ പിഎൻബിയുടെ ബ്രാഡി ഹൗസ് ശാഖയിൽ നടന്ന വഞ്ചനാപരമായ ഇടപാടുകളുമായി ബന്ധപ്പെട്ടാണ് കേസ്.2019ലാണ് കേസിലെ മറ്റൊരു പ്രതിയായ നീരവ് മോദിയെ സാമ്പത്തിക കുറ്റവാളിയായി ഇന്ത്യ പ്രഖ്യാപിച്ചത്.