മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന് വീണ്ടും വധഭീഷണി. മുംബൈ ട്രാഫിക് പോലീസിനാണ് വാട്ട്സ്ആപ്പ് ഹെൽപ്പ് ലൈൻ വഴി ഭീഷണി സന്ദേശം ലഭിച്ചത് . സൽമാന്റെ കാർ പൊട്ടിത്തെറിക്കുമെന്നും വീട് ആക്രമിക്കുമെന്നും ഭീഷണിപ്പെടുത്തിയതായി പോലീസ് പറഞ്ഞു.
സന്ദേശം വന്നതിനു പിന്നാലെ ട്രാഫിക് പോലീസ് കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥർ വിവരം മുതിർന്ന ഉദ്യോഗസ്ഥരെ അറിയിച്ചു . തുടർന്ന് സെക്ഷൻ 351(2), 351(3) (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നിവ പ്രകാരം വർളി പോലീസ് കേസെടുത്തു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു.
സൽമാന് അടുത്തിടെ നിരവധി ഭീഷണികൾ ലഭിച്ചിട്ടുണ്ട്. അവയിൽ പലതും ലോറൻസ് ബിഷ്ണോയി സംഘവുമായി ബന്ധപ്പെട്ടതാണ് . കൊലപാതകശ്രമം, കൊള്ളയടിക്കൽ തുടങ്ങിയ കേസുകളിൽ അഹമ്മദാബാദിലെ സബർമതി ജയിലിലാണ് ബിഷ്ണോയി ഇപ്പോൾ.
കഴിഞ്ഞ വർഷം ഏപ്രിലിൽ ബാന്ദ്രയിലെ സൽമാൻഖാൻ്റെ വസതിക്ക് പുറത്ത് ബിഷ്ണോയി സംഘത്തിലെ അംഗങ്ങൾ എന്ന് സംശയിക്കുന്നവർ വെടിയുതിർത്തിരുന്നു.

