ന്യൂഡൽഹി: സാമ്പത്തിക കുറ്റവാളി മെഹുൽ ചോക്സിയെ അറസ്റ്റ് ചെയ്തത് ഇന്ത്യയുടെ അഭ്യർത്ഥനപ്രകാരമെന്ന് സ്ഥിരീകരിച്ച് ബെൽജിയം. ബെൽജിയൻ ഫെഡറൽ പബ്ലിക് സർവീസ് ഓഫ് ജസ്റ്റിസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 13,000 കോടി രൂപയുടെ പിഎൻബി ബാങ്ക് ലോൺ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇന്ത്യ തിരയുന്ന പിടികിട്ടാപ്പുള്ളിയാണ് ചോക്സി.
ഏപ്രിൽ 12 ശനിയാഴ്ചയാണ് മെഹുൽ ചോക്സിയെ അറസ്റ്റ് ചെയ്തത്. സത്വര നിയമനടപടികൾക്കായി അയാളെ തടവിൽ പാർപ്പിച്ചിരിക്കുകയാണ്. നിയമസഹായം ഉറപ്പ് നൽകിയിട്ടുണ്ടെന്നും ബെൽജിയൻ ഫെഡറൽ പബ്ലിക് സർവീസ് ഓഫ് ജസ്റ്റിസ് പ്രസ്താവനയിൽ വ്യക്തമാക്കി.
സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവരുടെ രേഖാമൂലമുള്ള അഭ്യർത്ഥനയെ തുടർന്നാണ് മെഹുൽ ചോക്സിയെ പിടികൂടിയിരിക്കുന്നത്. 2018ൽ ഇന്ത്യയിൽ നിന്നും ആന്റിഗ്വയിൽ എത്തിയ ചോക്സി അടുത്തയിടെ ബെൽജിയത്തിലേക്ക് കടന്നതായി ഇന്ത്യൻ ഏജൻസികൾക്ക് രഹസ്യവിവരം ലഭിച്ചിരുന്നു.
നിലവിൽ ലണ്ടനിലെ ജയിലിൽ കഴിയുന്ന നീരവ് മോദി മുഖ്യപ്രതിയായ പിഎൻബി തട്ടിപ്പ് കേസിലെ രണ്ടാം പ്രതിയാണ് ചോക്സി. ഇയാൾക്കെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. 2018ലും 2021ലും ഇയാൾക്കെതിരെ മുംബൈയിലെ പ്രത്യേക കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറന്റുകളും ഇന്ത്യൻ ഏജൻസികൾ ബെൽജിയൻ അധികൃതർക്ക് കൈമാറിയിരുന്നു.
ചോക്സിയെ ഇന്ത്യക്ക് കൈമാറാനുള്ള നടപടിക്രമങ്ങൾ ബെൽജിയൻ അധികൃതർ ആരംഭിച്ചതായാണ് വിവരം. ഇയാളുടെ അഭിഭാഷകനായ വിജയ് അഗർവാളും അറസ്റ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ ബെൽജിയത്തിലെ ജയിലിൽ കഴിയുന്ന ചോക്സി, ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നാടുകടത്തൽ ഒഴിവാക്കാനായിരിക്കും ശ്രമിക്കുക എന്ന് റിപ്പോർട്ടുകളുണ്ട്.
ചോക്സിക്കെതിരെ സിബിഐ രണ്ടും ഇഡി മൂന്നും കുറ്റപത്രങ്ങൾ സമർപ്പിച്ചിട്ടുണ്ട്. നീരവ് മോദിയുടെ കമ്പനിയും മെഹുൽ ചോക്സിയുടെ കമ്പനിയായ ഗീതാഞ്ജലി ജെംസും ചേർന്ന് വ്യാജരേഖകൾ ചമച്ച് ബാങ്കിനെ കബളിപ്പിച്ച് വൻ തുകകൾ വായ്പകളായി കരസ്ഥമാക്കി വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കി വെച്ചു എന്നതാണ് കേസുകൾ.
മെഹുൽ ചോക്സിയുടെ അറസ്റ്റ് വലിയ നയതന്ത്ര വിജയമാണ് എന്ന് കേന്ദ്ര നിയമകാര്യ വകുപ്പ് മന്ത്രി അർജുൻ റാം മേഘ്വാൾ അവകാശപ്പെട്ടു. ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെയും നയങ്ങളുടെ വിജയമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മെഹുൽ ചോക്സിയെ ഇന്ത്യക്ക് കൈമാറാനുള്ള നീക്കം അന്താരാഷ്ട്ര മനുഷ്യാവകാശ ചട്ടങ്ങളുടെ ലംഘനമാകുമെന്നാണ് ചോക്സിയുടെ അഭിഭാഷകന്റെ വാദം. ഇന്ത്യൻ ജയിലുകളിലെ അവസ്ഥ വളരെ മോശമാണ്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മാനുഷിക പരിഗണന നൽകണമെന്ന് ബെൽജിയൻ കോടതികളോട് അഭ്യർത്ഥിക്കും. കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് തെളിയിക്കുമെന്നും ചോക്സിയുടെ അഭിഭാഷകൻ വിജയ് അഗർവാൾ അറിയിച്ചു.