കൊൽക്കത്ത: വഖഫ് ഭേദഗതി നിയമത്തിന് പിന്നാലെ പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ പൊട്ടിപ്പുറപ്പെട്ട വർഗീയ കലാപം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുന്നു. സൗത്ത് 24 പർഗാനയിലെ ഭാംഗറിൽ കലാപകാരികൾ പോലീസുമായി ഏറ്റുമുട്ടി. നിരവധി വാഹനങ്ങൾ അഗ്നിക്കിരയാക്കി.
മുസ്ലീം സംഘടനകളുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ റോഡുകൾ കൈയ്യേറിയതായി അധികൃതർ അറിയിച്ചു. തെരുവുകളിൽ പോലീസിനെ നോക്കുകുത്തിയാക്കി കലാപകാരികൾ അക്രമം അഴിച്ചുവിടുന്നതിന്റെ ദൃശ്യങ്ങൾ ദേശീയ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
ഭാംഗറിൽ നടന്ന അക്രമങ്ങളിൽ ഒരു പോലീസുകാരന് ഗുരുതരമായി പരിക്കേറ്റു. രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കേന്ദ്ര സർക്കാർ പാസാക്കിയ വഖഫ് ഭേദഗതി ബില്ലിനെതിരെ ഇന്ത്യൻ സെക്കുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത പ്രതിഷേധമാണ് അക്രമത്തിൽ കലാശിച്ചതെന്ന് ബംഗാൾ പോലീസ് അറിയിച്ചു. കൊൽക്കത്തയിലെ രാം ലീല മൈതാനത്തേക്ക് ഐ എസ് എഫ് നയിച്ച മാർച്ച് പ്രകോപനമൊന്നുമില്ലാതെ പെട്ടെന്ന് അക്രമാസക്തമാകുകയായിരുന്നു. ഐ എസ് എഫ്, എം എൽ എ നൗഷാദ് സിദ്ദീഖിയാണ് റാലിക്ക് ആഹ്വാനം നൽകിയത്. ഇതിന് പോലീസ് അനുമതി നിഷേധിച്ചിരുന്നുവെങ്കിലും, സംഘടന റാലിയുമായി മുന്നോട്ട് പോകുകയായിരുന്നു. ഘടക്പൂരിൽ മുസ്ലീം സംഘടനകൾ ആഹ്വാനം ചെയ്ത പ്രതിഷേധ യോഗത്തിലും സംഘർഷമുണ്ടായി.
2021ലെ പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടത് പാർട്ടികളുമായും കോൺഗ്രസുമായും ചേർന്ന് സഖ്യമുണ്ടാക്കി മത്സരിച്ച പാർട്ടിയാണ് ഐ എസ് എഫ്. നൗഷാദ് സിദ്ദീഖിയുടെ സഹോദരൻ അബ്ബാസ് സിദ്ദീഖിയാണ് ഐ എസ് എഫ് സ്ഥാപകൻ.
വഖഫ് ഭേദഗതി ബില്ലിനെതിരെ മുർഷിദാബാദിൽ ആരംഭിച്ച കലാപത്തിൽ മൂന്ന് പേർക്ക് ജീവൻ നഷ്ടമാകുകയും പോലീസുകാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കലാപവുമായി ബന്ധപ്പെട്ട് നൂറ്റിയൻപതോളം പേരെ അറസ്റ്റ് ചെയ്തിരുന്നു. ബംഗാളിൽ ക്രമസമാധാനം തകർന്നതായി വിലയിരുത്തിയ കൽക്കട്ട ഹൈക്കോടതി മുർഷിദാബാദിൽ കേന്ദ്ര സേനയെ വിന്യസിക്കാൻ ഉത്തരവിട്ടിരുന്നു. കേന്ദ്ര സേന വന്നതിനെ തുടർന്ന് മുർഷിദാബാദ് ശാന്തമാകാൻ തുടങ്ങുന്നതിനിടെയാണ് അക്രമം മറ്റ് ഇടങ്ങളിലേക്കും വ്യാപിച്ചത്.