തിരുവനന്തപുരം : സംസ്ഥാനത്ത് വരും മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. 10 ജില്ലകൾക്ക് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അടുത്ത മൂന്നു മണിക്കൂറിലേക്കാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, പാലക്കാട്, കോട്ടയം, തൃശ്ശൂർ,ഇടുക്കി, എറണാകുളം, പത്തനംതിട്ട തുടങ്ങിയ ജില്ലകൾക്കാണ് ഓറഞ്ച് അലർട്ട് . നദീതീരങ്ങളിൽ താമസിക്കുന്നവർക്കും, മണ്ണിടിച്ചൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർക്കും പ്രത്യേക ജാഗ്രത നിർദ്ദേശവും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ചിട്ടുണ്ട്.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരളതീരത്ത് രാത്രി 11: 30 വരെ ഉയർന്ന തിരമാലകൾക്കും, കടലാക്രമണങ്ങൾക്കും സാധ്യതയുണ്ടെന്നും സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി . സംസ്ഥാനത്തെ മലയോര പ്രദേശങ്ങളിൽ ഇന്ന് ഉച്ചമുതൽ കനത്ത മഴ പെയ്തു. വയനാട് ജില്ലയിലെ മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപ്പറ്റ തുടങ്ങിയ പ്രദേശങ്ങളിലാണ് ഇന്ന് ശക്തമായ മഴ ലഭിച്ചത്.