ഭാഗ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഉത്തമ ഉദാഹരണമാണ് നടൻ അല്ലു അർജുൻ. ഇന്ത്യയിലെ മറ്റൊരു നടനും ലഭിക്കാത്ത പ്രതിഫലമാണ് ‘പുഷ്പ 2’ എന്ന ചിത്രത്തിന് അദ്ദേഹം കൈപ്പറ്റിയത്. അല്ലു അർജുന്റെ തുടർച്ചയായ മൂന്ന് ചിത്രങ്ങൾ ബ്ലോക്ക്ബസ്റ്ററുകളാണ്. ഒന്നിനു പുറകെ ഒന്നായി ഹിറ്റുകൾ സമ്മാനിച്ചു കൊണ്ടിരിക്കുന്ന അല്ലു അർജുൻ ഇപ്പോൾ തന്റെ പേര് മാറ്റാൻ ഒരുങ്ങുന്നു.
ജ്യോതിഷികളുടെയും സംഖ്യാശാസ്ത്രജ്ഞരുടെയും ഉപദേശത്തെ തുടർന്നാണ് അല്ലു അർജുൻ ഈ തീരുമാനത്തിലെത്തിയത്. ഒരു പേര് മാറ്റേണ്ടിവരുമ്പോൾ, യഥാർത്ഥ പേര് ഉപേക്ഷിച്ച് മറ്റൊന്ന് നിലനിർത്തുമെന്നല്ല അതിന് അർത്ഥമെന്ന് അല്ലു അർജുനുമായി ബന്ധപ്പെട്ടവർ പറയുന്നു. നിലവിലുള്ള പേരിനൊപ്പം ഒരു അക്ഷരം കൂടി ചേർക്കുകയോ, കുറയ്ക്കുകയോ ചെയ്ത് പേര് സംഖ്യാശാസ്ത്രത്തിന് അനുസൃതമാണെന്ന് ഉറപ്പാക്കും.
റിപ്പോർട്ടുകൾ പ്രകാരം അല്ലു അർജുൻ തന്റെ ഇപ്പോഴത്തെ പേരിനൊപ്പം ഒരു അക്ഷരം കൂടി ചേർക്കാൻ പോകുകയാണ്. ഒരു അധിക അക്ഷരം ചേർത്താലും പേരിന്റെ ഉച്ചാരണം അതേപടി തുടരും. അല്ലു അർജുൻ ജ്യോതിഷികളെ ബന്ധപ്പെടുകയും ചില പ്രത്യേക പൂജകൾ നടത്തുകയും ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.