തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചൂട് കനക്കുമ്പോൾ വലിയ ആവേശത്തിലാണ് കേരള ജനത. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന സെമി ഫൈനൽ രാഷ്ട്രീയ പാർട്ടികൾക്കും നിർണായകം. അതിശക്തമായ രാഷ്ട്രീയ പോരാട്ടത്തിനാണ് കേരളത്തിൽ ഇപ്പോൾ കളമൊരുങ്ങിയിരിക്കുന്നത്.
കേരളത്തിൽ ശക്തമായ മത്സരം നടക്കുന്ന ഡിവിഷനാണ് കണ്ണൂർ കോർപ്പറേഷനിലെ ആദി കടലായി 38 ഡിവിഷൻ . നിലവിലെ എൽഡിഎഫ് കോട്ട. കഴിഞ്ഞ രണ്ട് തവണയും എൽഡിഎഫിനെ തുണച്ച ഡിവിഷൻ സ്വന്തമാക്കാൻ ഇക്കുറി അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണ് യുഡിഎഫ്.
കോൺഗ്രസ് രാഷ്ട്രീയത്തിലെ യുവ മുഖമായ റിജിൽ ചന്ദ്രൻ മാക്കുറ്റിയെയാണ് ഇവിടെ മത്സരിപ്പിക്കുന്നത്. റിജിൽ ചന്ദ്രൻ മാക്കുറ്റിക്ക് എതിരെ എൽഡിഎഫ് ഷാജിയെ കളത്തിൽ ഇറക്കിയപ്പോൾ യു.കെ സായൂജിനാണ് എൻഡിഎ അവസരമൊരുക്കിയിരിക്കുന്നത്. വിമതനായി മുഹമദ് അലിയുമുണ്ട്.
2015 ൽ കണ്ണൂർ എസ് എൻ കോളേജിൽ ബിരുദ വിദ്യാർത്ഥിയായിരിക്കെയാണ് റിജിൽ ചന്ദ്രൻ മാക്കുറ്റി കെ എസ്യു വിലൂടെ മുഖ്യധാര രാഷ്ട്രീയത്തിലേക്ക് കടന്നത്. പിന്നീടങ്ങോട്ട് പാർട്ടിയിലെ നിരവധി ചുമതലകൾ അദ്ദേഹത്തെ തേടിയെത്തി.
യൂത്ത് കോൺഗ്രസിന്റെ ജില്ലാ വൈസ് പ്രസിഡന്റ് പദവി ആയിരുന്നു ഇതിൽ ആദ്യത്തേത്. പിന്നീട് യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ, കെ എസ് യുവിന്റെ സംസ്ഥാന ഉപാധ്യക്ഷൻ തുടങ്ങിയ സ്ഥാനങ്ങൾ അലങ്കരിച്ചു. നിലവിൽ കെ പി സിസി അംഗമാണ് അദ്ദേഹം.

