ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കോടിപതി എന്ന റെക്കോർഡ് സ്വന്തം പേരിലാക്കി വൈഭവ് സൂര്യവംശി. മെഗാ താര ലേലത്തിൽ അടിസ്ഥാന വിലയായ 30 ലക്ഷത്തിൽ നിന്നും, 1.1 കോടിയിലേക്ക് മൂല്യം ഉയർന്ന വൈഭവിനെ സ്വന്തമാക്കിയിരിക്കുന്നത് രാജസ്ഥാൻ റോയൽസാണ്. വൈഭവിനെ ആദ്യമേ വിളിച്ച രാജസ്ഥാന് ഡൽഹി ക്യാപിറ്റൽസുമായി ഏറ്റുമുട്ടേണ്ടി വന്നതോടെയാണ് മൂല്യം ഒരു കോടിക്കും മുകളിൽ പോയത്.
പന്ത്രണ്ടാം വയസ്സിൽ വിനു മങ്കാദ് ട്രോഫിയിലെ അഞ്ച് മത്സരങ്ങളിൽ നിന്നും 400 റൺസ് അടിച്ചുകൂട്ടിയതോടെയാണ് വൈഭവ് ശ്രദ്ധിക്കപ്പെടുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം എന്ന നിലയിലും വൈഭവ് അടുത്തയിടെ വാർത്തകളിൽ നിറഞ്ഞു.
ചെന്നൈയിൽ നടന്ന യൂത്ത് ടെസ്റ്റിൽ ഓസ്ട്രേലിയ അണ്ടർ 19 ടീമിനെതിരെ ഇന്ത്യ അണ്ടർ 19 ടീമിന് വേണ്ടി 62 പന്തിൽ 104 റൺസാണ് താരം അടിച്ചുകൂട്ടിയത്. 58 പന്തിൽ നൂറ് തികച്ച വൈഭവ്, യൂത്ത് ടെസ്റ്റിൽ ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും വേഗതയാർന്ന സെഞ്ച്വറി എന്ന നേട്ടവും സ്വന്തമാക്കി. യൂത്ത് ടെസ്റ്റിൽ ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സെഞ്ച്വറിയും ഇതാണ്.
കഴിഞ്ഞ നവംബറിൽ ആന്ധ്രാ പ്രദേശിൽ നടന്ന അണ്ടർ 19 ടൂർണമെന്റിൽ ഇന്ത്യ ബി ടീമിലും വൈഭവ് അംഗമായിരുന്നു. ഇന്ത്യ എ, ബംഗ്ലാദേശ് അണ്ടർ 19, ഇംഗ്ലണ്ട് അണ്ടർ 19 എന്നീ ടീമുകളും പങ്കെടുത്ത സീരീസിൽ ഇംഗ്ലണ്ടിനെതിരെ താരം 41 റൺസ് നേടി.
തുടർന്ന് ബിഹാർ അണ്ടർ 23 ടീമിലും രഞ്ജി ടീമിലും വൈഭവ് അംഗമായി. 2024 ജനുവരിയിൽ പട്നയിൽ വെച്ച് ബിഹാറിന് വേണ്ടി മുംബൈക്കെതിരെ നടന്ന രഞ്ജി ട്രോഫി മത്സരം താരത്തിന്റെ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റമായിരുന്നു.
വെറും 12 വയസ്സും 284 ദിവസവും പ്രായമുള്ളപ്പോൾ രഞ്ജിയിൽ അരങ്ങേറിയ വൈഭവ് സൂര്യവംശിയാണ് 1986ന് ശേഷം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം. ബിഹാറിന് വേണ്ടി രഞ്ജി ട്രോഫി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും വൈഭവ് തന്നെ.