തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി നൽകിയ പെൺകുട്ടിയുടെ മൊഴിയുടെ വിശദാംശങ്ങൾ പുറത്തുവന്നു. രാഹുൽ ഗർഭഛിദ്രത്തിന് ഭീഷണിപ്പെടുത്തുകയും ഗർഭഛിദ്രത്തിനുള്ള ഗുളികകൾ കൊണ്ടുവന്നത് സുഹൃത്ത് ജോബി ജോസഫ് വഴിയാണെന്നും യുവതി നൽകിയ മൊഴിയിൽ പറയുന്നു .
‘ഗുളികകൾ കഴിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് പറഞ്ഞപ്പോൾ രാഹുൽ നിർബന്ധിച്ചു. വീഡിയോകോൾ വഴി നിർദ്ദേശങ്ങൾ നൽകി. ഗുളികകൾ കഴിച്ചുവെന്ന് ഉറപ്പാക്കിയതിന് ശേഷമാണ് അദ്ദേഹം ഫോൺ കട്ട് ചെയ്തത്. അതിനുശേഷം ഏറെ ബുദ്ധിമുട്ടായിരുന്നു. മൂന്ന് ദിവസത്തേക്ക് കടുത്ത രക്തസ്രാവമുണ്ടായി. പരിശോധനയ്ക്ക് പോയപ്പോൾ ഡോക്ടർ എന്നെ വഴക്ക് പറഞ്ഞു . ജീവൻ പോലും നഷ്ടമായേനെയെന്നും ഡോക്ടർ പറഞ്ഞു,’ മൊഴിയിൽ പറയുന്നു.
ബെംഗളൂരുവിലെ ഒരു ആശുപത്രിയിൽ യുവതി ഗർഭഛിദ്രത്തിന് പോയതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പെൺകുട്ടിയുടെ മൊഴിയിൽ നിന്ന് പ്രാകൃതമായ രീതിയിലാണ് ഗർഭഛിദ്രം നടത്തിയതെന്ന് വ്യക്തമാണ്.
റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെയാണ് അവരുടെ മൊഴി രേഖപ്പെടുത്തിയത് . മൊഴിയെടുപ്പ് അഞ്ചര മണിക്കൂർ നീണ്ടുനിന്നു. ഇരുപത് പേജുള്ള മൊഴിയാണ് യുവതി നൽകിയത്. ഗുളികകൾ എത്തിച്ചു നൽകിയ ജോബി ജോസഫിനെതിരെയും കേസെടുത്തിട്ടുണ്ടെന്നാണ് സൂചന.
ഇന്നലെ വൈകുന്നേരം യുവതി മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് പരാതി നൽകിയത് . വാട്ട്സ്ആപ്പ് ചാറ്റുകൾ, വോയ്സ് സന്ദേശങ്ങൾ, ചിത്രങ്ങൾ, മെഡിക്കൽ റിപ്പോർട്ടുകൾ എന്നിവയും തെളിവായി കൈമാറി. വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരത്തെ വലിയമല പോലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

