കാസർകോട് : മഞ്ചേശ്വരം കടമ്പാറിൽ സ്കൂൾ അധ്യാപികയും ഭർത്താവും വിഷം കഴിച്ച് മരിച്ചു. പെയിന്ററായ അജിത്ത് (35), വോർക്കടി ബേക്കറി ജംഗ്ഷനിലെ സ്വകാര്യ സ്കൂളിലെ അധ്യാപികയായ ശ്വേത (27) എന്നിവരാണ് സംഭവത്തിൽ മരിച്ചത്. ഇന്നലെ പുലർച്ചെയാണ് സംഭവം. ദേരലക്കട്ടെയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
തിങ്കളാഴ്ച ജോലി കഴിഞ്ഞ് വീട്ടിലെത്തിയ അജിത്തും ശ്വേതയും മൂന്ന് വയസ്സുള്ള മകനുമായി ബണ്ടിയോഡിലുള്ള സഹോദരിയുടെ വീട്ടിലേക്ക് പോയി. അത്യാവശ്യമായി ഒരിടം വരെ പോകണമെന്നും, മകനെ പരിപാലിക്കണമെന്നും അജിത് സഹോദരിയോട് പറഞ്ഞു. മകനെ സഹോദരിയെ ഏൽപ്പിച്ച ശേഷം വീട്ടിൽ തിരിച്ചെത്തിയ ദമ്പതികൾ വിഷം കഴിച്ചു. പുലർച്ചെ വീടിന്റെ മുറ്റത്ത് കിടക്കുന്ന നിലയിൽ അയൽക്കാരാണ് അവരെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അർദ്ധരാത്രി 12:30 ഓടെ അജിത്ത് മരിച്ചു. ശ്വേതയും പിന്നീട് മരണത്തിന് കീഴടങ്ങി. സാമ്പത്തിക ബാധ്യതകളാണ് ദമ്പതികളെ ജീവിതം അവസാനിപ്പിക്കാൻ പ്രേരിപ്പിച്ചതെന്ന് പറയപ്പെടുന്നു. സംഭവത്തിൽ മഞ്ചേശ്വരം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

