കാസർകോട് : എരഞ്ഞിപ്പുഴയിൽ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. ക്രിസ്മസ് അവധി ആഘോഷിക്കാൻ ബന്ധുവീട്ടിൽ എത്തി പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. സഹോദരി സഹോദരൻമാരുടെ മക്കളായ റിയാസ്(17), യാസീൻ (13), സമദ് (13) എന്നിവരാണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് കുട്ടികൾ അപകടത്തിൽ പെട്ടത്. തെരച്ചിലിൽ ആദ്യം റിയാസിൻ്റെ മൃതദേഹമാണ് കണ്ടെടുത്തത്. മണിക്കൂറുകൾ നീണ്ട തെരച്ചിലിലാണ് മറ്റു കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്.
പുഴയിൽ കുളിക്കുന്നതിനിടെ റിയാസ് മുങ്ങിപ്പോവുന്നത് കണ്ട് മറ്റു രണ്ടുപേരും രക്ഷിക്കാൻ ശ്രമിക്കുകയും, തുടർന്ന് മൂന്നുപേരും പുഴയിൽ ഒഴുക്കിൽപ്പെടുകയിമായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന സ്ത്രീ ബഹളം വച്ചതോടെ നാട്ടുകാർ സ്ഥലത്തെത്തി കുട്ടികളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. റിയാസിനെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു.
നാട്ടുകാരും പൊലീസും ഫയർഫോഴ്സും സ്കൂബ സംഘവും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മറ്റു രണ്ടു കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. കുട്ടികളുടെ മൃതദേഹങ്ങൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
കഴിഞ്ഞ വർഷവും ഇത്തരത്തിൽ അപകടം സംഭവിച്ചിരുന്നതായും, പുഴയിൽ ഒഴുക്ക് കുറവാണെങ്കിലും അടിയിൽ ചുഴിയുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.