ബെംഗളൂരു : ചിക്കമഗളൂരുവിൽ മരണപ്പെട്ട ശ്രീനന്ദയുടെ തലയുടെ വലതുവശത്ത് ഗുരുതരമായ പരിക്കേറ്റിരുന്നതായി പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മരണകാരണവും ഈ പരിക്കാണെന്ന് റിപ്പോർട്ടിൽ പറയുന്നു. മൃതദേഹത്തിലെ പരിക്കുകളും ഒന്നിലധികം അസ്ഥികൾ ഒടിഞ്ഞതും മരണകാരണമായ വീഴ്ച മൂലമാണെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു . ഇൻക്വസ്റ്റ് റിപ്പോർട്ടിലും അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല. കുട്ടിയുടെ വസ്ത്രങ്ങൾ കീറിയത് ഇറങ്ങുന്നതിനിടെ മരക്കൊമ്പുകളിൽ തട്ടിയാകാമെന്നാണ് നിഗമനം.
പാലക്കാട് കടമ്പഴിപുരം സ്വദേശിയായ രമേശ് ഗോപാലന്റെയും രോഹിണിയുടെയും മകളായ ശ്രീനന്ദയെ ചൊവ്വാഴ്ച വൈകുന്നേരം ചിക്കമഗളൂരുവിലെ മാണിക്യധാര വെള്ളച്ചാട്ട വ്യൂപോയിന്റിന് സമീപം വച്ചാണ് കാണാതായത്. കഴിഞ്ഞ ശനിയാഴ്ച കേരളത്തിൽ നിന്ന് കർണാടകയിലെത്തിയ 40 അംഗ ടൂർ ഗ്രൂപ്പിന്റെ ഭാഗമായിരുന്നു ശ്രീനന്ദയും , മാതാപിതാക്കളും. പോലീസ്, വനം വകുപ്പ്, ദുരന്തനിവാരണ സേനകൾ എന്നിവർ മൂന്ന് ദിവസം നടത്തിയ തിരച്ചിലിന് ശേഷമാണ് ബാബ ബുദാൻ ഗിരിക്ക് സമീപമുള്ള ഹർഷണ ഗുപ്പയിൽ 1,500 അടി താഴ്ചയിൽ നിന്ന് ഇന്നലെ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തിയത്.
ശ്രീനന്ദയുടെ ബന്ധുക്കൾ ഇന്നലെ രാത്രി മൃതദേഹവുമായി വീട്ടിലേക്ക് മടങ്ങി, ഇന്ന് സംസ്കാരം നടക്കും. അതേസമയം കുട്ടിയുടെ തിരോധാനത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം പറയുന്നു. അതുകൊണ്ട് തന്നെ ശ്രീനന്ദയുടെ പിതാവിന്റെ സാന്നിധ്യത്തിൽ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് സോകോ സംഘം വിശദമായ ഫോറൻസിക് അന്വേഷണം തുടരുകയാണ്. കുടുംബത്തിന്റെ ആരോപണങ്ങൾ സമഗ്രമായി അന്വേഷിക്കുമെന്നും ഈ ഘട്ടത്തിൽ ഒരു സാധ്യതയും തള്ളിക്കളയില്ലെന്നും ചിക്കമഗളൂർ എസ്പി ജിതേന്ദ്ര ദയാമ പറഞ്ഞു.

