ലക്നൗ: ഉത്തർപ്രദേശിലെ മഥുരയിൽ വിനോദസഞ്ചാര ബോട്ട് മറിഞ്ഞ് 10 മരണം . വെള്ളിയാഴ്ച ഉച്ചയ്ക്ക് യമുന നദിയിലാണ് അപകടം. നിരവധി പേരെ കാണാതായി . മഥുര മന്ദ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മരിച്ചവരിൽ ആറ് പേർ സ്ത്രീകളാണ് .
ബോട്ടിൽ നിന്ന് 15 ഓളം പേരെ രക്ഷപ്പെടുത്തി വൃന്ദാവനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാണാതായവർക്കായി തിരച്ചിൽ നടത്താൻ ദേശീയ ദുരന്ത നിവാരണ സേനയിലെ മുങ്ങൽ വിദഗ്ധരും സംഘങ്ങളും സ്ഥലത്തെത്തി. രക്ഷാപ്രവർത്തനം തുടരുകയാണ്.
പഞ്ചാബിലെ ലുധിയാനയിൽ നിന്നുള്ള സംഘത്തിൽ പെട്ടവരാണ് മരിച്ചത്. കെസി ഘട്ടിന് സമീപമുള്ള പാലത്തിൽ ബോട്ട് ഇടിച്ചാണ് അപകടം സംഭവിച്ചതെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഏകദേശം 40 പേർ ബോട്ടിലുണ്ടായിരുന്നു .
പ്രദേശത്തെ ക്ഷേത്രങ്ങൾ സന്ദർശിക്കുകയും പിന്നീട് ബോട്ട് സവാരി നടത്തുകയും ചെയ്ത 150 ഓളം തീർത്ഥാടകരുടെ സംഘത്തിന്റെ ഭാഗമായിരുന്നു അപകടത്തിൽപ്പെട്ടവരും. യമുന നദിയിലെ ശക്തമായ ഒഴുക്കാണ് അപകടത്തിന് കാരണമെന്ന് കരുതപ്പെടുന്നു. ദുരന്തത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും നടത്താനും പരിക്കേറ്റവർക്ക് ശരിയായ ചികിത്സ ഉറപ്പാക്കാനും അദ്ദേഹം ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.

