കണ്ണൂർ : എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി ഔദ്യോഗിക പത്രക്കുറിപ്പ് പുറത്തിറക്കിയ സംഭവത്തിൽ കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസറെ സസ്പെൻഡ് ചെയ്തു. തിരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് നടപടി . നിഷ്പക്ഷമായ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് വിരുദ്ധമായ നീക്കമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി .
കണ്ണൂർ ജില്ലാ കളക്ടർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലാ ഇൻഫർമേഷൻ ഓഫീസർക്കെതിരെ നടപടി സ്വീകരിച്ചത്. അഴീക്കോട് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ വി സുമേഷിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പിആർഡി പത്രക്കുറിപ്പ് പുറത്തിറക്കിയിരുന്നു. സുമേഷിനെതിരെ വ്യക്തിപരമായ ആക്രമണ ശ്രമങ്ങൾ നടത്തിയെന്ന പരാതിയും പത്രക്കുറിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ഗുരുതരമായ നിയമലംഘനമാണെന്ന് കണ്ണൂർ ഡിസിസി ഇന്നലെ ആരോപിച്ചിരുന്നു.
എന്നാൽ, കളക്ടർക്ക് ലഭിച്ച പരാതിയെക്കുറിച്ച് വിവരം നൽകുക മാത്രമാണ് ചെയ്തതെന്നായിരുന്നു പി.ആർ.ഡിയുടെ ആദ്യ വിശദീകരണം. സംഭവം വലിയ വിവാദമായതിനെത്തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വിഷയത്തിൽ ഇടപെട്ടു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റും യുഡിഎഫ് ജില്ലാ കൺവീനറുമായ കരിം ചേലേരിയാണ് അഴീക്കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി. തളിപ്പറമ്പ് സിഎച്ച് സെന്ററിന്റെ ജനറൽ സെക്രട്ടറിയാണ് കരിം ചേലേരി. ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ കെ വിനോദ് കുമാറാണ് എൻഡിഎ സ്ഥാനാർത്ഥി.കളക്ടറുടെ പ്രാഥമിക അന്വേഷണത്തിൽ ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ ചട്ടലംഘനം ഉണ്ടായതായി ബോധ്യപ്പെട്ടതിനെത്തുടർന്നാണ് സസ്പെൻഷൻ ഉത്തരവിട്ടത്.

