പാലക്കാട് : മുസ്ലീം ലീഗിനെതിരെ നടത്തിയ പരാമർശങ്ങൾക്ക് പാർട്ടി നേതാക്കളായ എ കെ ബാലനെയും സജി ചെറിയാനെയും തള്ളി മുതിർന്ന സിപിഎം നേതാവ് പാലോളി മുഹമ്മദ് കുട്ടി . ഇരുവരുടെയും പ്രസ്താവനകൾ പൂർണ്ണമായും അംഗീകരിക്കാൻ കഴിയില്ലെന്നും അവർ പറഞ്ഞത് ശരിയല്ലെന്നും മാധ്യമങ്ങളോട് പ്രതികരിക്കവേ അദ്ദേഹം പറഞ്ഞു.
‘ മുസ്ലീം ലീഗ് ഏതെങ്കിലും ജനറൽ സീറ്റിൽ അമുസ്ലീങ്ങളെ മത്സരിപ്പിച്ചിട്ടുണ്ടോ എന്ന് പാലോളി ചോദിച്ചു. മുസ്ലീം വോട്ടുകൾ കൊണ്ട് മാത്രമാണോ ലീഗ് ജയിക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു. ‘ ചില വിഷയങ്ങളിൽ എപി വിഭാഗത്തിന് യുഡിഎഫുമായി ഐക്യമുണ്ട്. എങ്കിലും, എൽഡിഎഫിന് ഇ കെ വിഭാഗത്തിലെ ഒരു വിഭാഗത്തിന്റെ പിന്തുണയുണ്ട്.ഒരു വിഭാഗം യുഡിഎഫിനോട് അടുക്കുമ്പോൾ മറുവിഭാഗം എൽഡിഎഫിനോട് അടുക്കുന്നു എന്നത് അവഗണിക്കരുത് ‘ അദ്ദേഹം പറഞ്ഞു.
മന്ത്രി സജി ചെറിയാന്റെയും എ കെ ബാലന്റെയും വർഗീയ പരാമർശങ്ങൾക്കാണ് തിരുത്തൽ. മലപ്പുറം ജില്ലാ പഞ്ചായത്തിൽ വിജയിച്ചവരുടെ പേരുകൾ പരിശോധിച്ചാൽ വർഗീയ ധ്രുവീകരണം വ്യക്തമാകുമെന്നായിരുന്നു സജി ചെറിയാന്റെ വിവാദ പരാമർശം. കേരളം ഉത്തർപ്രദേശ്, മധ്യപ്രദേശ് പോലെയാകരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു. വിവാദത്തിന് ശേഷം സജി ചെറിയാൻ പിന്നീട് ഈ പ്രസ്താവന പിൻവലിച്ചു.
യുഡിഎഫ് അധികാരത്തിൽ വന്നാൽ ആഭ്യന്തര വകുപ്പ് ജമാഅത്തെ ഇസ്ലാമിയുടേതായിരിക്കുമെന്നും ഇത് മാറാട് ശൈലിയിലുള്ള കലാപത്തിലേക്ക് നയിക്കുമെന്നും എ കെ ബാലൻ പറഞ്ഞിരുന്നു . മുസ്ലീം ലീഗും ആർഎസ്എസും ഇതിന് സഹായം ചെയ്യുന്നുണ്ടെന്ന് ബാലൻ ആരോപിച്ചിരുന്നു.

