അഷ്ടമുടിക്കായലിന്റെ കാറ്റേറ്റ് കിടക്കുന്ന കൊല്ലം ജില്ലയിലെ തീരദേശപ്രദേശമാണ് കരുനാഗപ്പള്ളി. ആലപ്പുഴ ജില്ലയോട് ചേർന്നുകിടക്കുന്ന കരുനാഗപ്പള്ളി താലൂക്കിന്റെ തെക്ക് അഷ്ടമുടിക്കായലും കിഴക്ക് കുന്നത്തൂർ താലൂക്കുമാണ്. 211.9 ചതുരശ്ര കിലോമീറ്ററാണ് താലൂക്കിന്റെ വിസ്തൃതി. മത്സ്യബന്ധന ഗ്രാമങ്ങൾ, പഴയകാല കാർഷിക മേഖലകൾ എന്നിവയെല്ലാം ചേർന്നതാണ് കരുനാഗപ്പള്ളി. പാർട്ടി എന്നതിനുമപ്പുറം വികസനത്തെ നെഞ്ചേറ്റിയവരാണ് കരുനാഗപ്പള്ളിയിലെ വോട്ടർമാർ . കരുനാഗപ്പള്ളി നഗരസഭയ്ക്കൊപ്പം, ആലപ്പാട്, ക്ലാപ്പന, കുലശേഖരപുരം, ഓച്ചിറ, തഴവാ, തൊടിയൂർ, ഗ്രാമപഞ്ചായത്തുകൾ കൂടി ഉൾപ്പെടുന്നതാണ് ഈ നിയമസഭാമണ്ഡലം.
യുഡിഎഫിനും , എൽഡിഎഫിനും നിന്നപ്പോഴും വിശ്വസിക്കുന്ന പ്രത്യയശാസ്ത്രം എന്നതിനുപരിയായി നമുക്കൊപ്പം നിൽക്കുന്നതാര് എന്നാണ് ഇവിടുത്തെ വോട്ടർമാർ ചിന്തിക്കുന്നത് .തോറിയം അടങ്ങിയ കരിമണൽ സമ്പന്നമായ തീരദേശമാണിത്. അതുകൊണ്ടുതന്നെ ഖനനവും അതുമായി ബന്ധപ്പെട്ട വിവാദങ്ങളും ഇവിടെ രാഷ്ട്രീയമായി ചർച്ച ചെയ്യപ്പെടാറുണ്ട്. ഇതോടൊപ്പം കടലാക്രമണം, ഉപ്പുവെള്ളം കയറുന്ന പ്രശ്നം, പ്രകൃതിക്ഷോഭങ്ങൾ എന്നിവ തീരദേശവാസികളെ ബാധിക്കുന്ന പ്രധാന കാര്യങ്ങളാണ്.
1957 ൽ കോൺഗ്രസിന്റെ പി കുഞ്ഞുകൃഷ്ണനെ വിജയിപ്പിച്ചവർ അഞ്ച് വർഷങ്ങൾക്കിപ്പുറം നിന്നത് സഖാവ് ബേബി ജോണിനൊപ്പമാണ് . സി.പി.ഐയുടെ ബി എം ഷെരീഫും കരുനാഗപ്പള്ളിയുടെ മണ്ണിൽ വിജയം കണ്ടു. 2021 ൽ നടന്ന തെരഞ്ഞെടുപ്പിൽ കരുനാഗപ്പള്ളിക്കാരുടെ മനസ് കോൺഗ്രസിന്റെ സി ആർ മഹേഷിനൊപ്പമായിരുന്നു. അന്ന് 94225 വോട്ടുകൾക്കാണ് മഹേഷ് ജയിച്ചു കയറിയത്.
ഹൈന്ദവ വിഭാഗത്തിന് വലിയ സ്വാധീനമുണ്ടെങ്കിലും മുസ്ലിം, ക്രൈസ്തവ വിഭാഗങ്ങളും ഈ മണ്ഡലത്തിൽ നിർണ്ണായകമാണ്. സാമുദായിക ധ്രുവീകരണത്തേക്കാൾ ദൈനംദിന പ്രശ്നങ്ങളാണ് ഇവിടെ രാഷ്ട്രീയത്തെ നയിക്കുന്നത്.
ഇത്തവണയും സ്ഥാനാർത്ഥിയായി കോൺഗ്രസിൽ ഉയരുന്ന പേര് സി ആർ മഹേഷിന്റേത് തന്നെയാണ്. എന്നാൽ പാർട്ടിയ്ക്കുള്ളിൽ ചില പടലപിണക്കങ്ങളുമുണ്ട്. സി ആർ മഹേഷ് അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് കരുനാഗപ്പള്ളി നിയോജക മണ്ഡലം യുഡിഎഫ് ചെയർമാൻ സ്ഥാനം രാജിവെച്ചതായി കോൺഗ്രസ് നേതാവ് തൊടിയൂർ രാമചന്ദ്രൻ അറിയിച്ചിരുന്നു.ഇതിനോടകം നിരവധി കോൺഗ്രസ് നേതാക്കൾ എംഎൽഎയ്ക്ക് എതിരെ പരാതി ഉന്നയിച്ചതായാണ് സൂചന.
കരുനാഗപ്പള്ളി നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം എസ് താരയാണ് . പോരാട്ടത്തിന്റെ കനൽ വഴികളിലൂടെ കടന്ന് വന്നിട്ടുള്ള കരുത്തയായ ഒരു പെൺകനൽ,കരുനാഗപ്പള്ളിയുടെ കരുത്ത് എന്നാണ് താരയെ സഖാക്കൾ വിശേഷിപ്പികുന്നത്. ദീർഘകാ ലം കരുനാഗപ്പള്ളി നിയോജകമണ്ഡലത്തെ കേരള നിയമസഭയിൽ പ്രതിനിധീകരിച്ച സഖാവ് ബി.എം.ഷെരീഫിന്റെയും നൂർജഹാ ന്റെയും മകളാണ് താര.
വി.എസ് ജിതിൻ ദേവാണ് കരുനാഗപ്പള്ളിയിലെ എൻ ഡി എ സ്ഥാനാർത്ഥി. കേന്ദ്രസർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ വോട്ടായി മാറുമെന്നാണ് ജിതിന്റെ പ്രതീക്ഷ.

