ഡബ്ലിൻ: ഐറിഷ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ ഇന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കാണും. ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിൽ വച്ചാണ് കൂടിക്കാഴ്ച. പശ്ചിമേഷ്യയിലെ സംഘർഷം ഉൾപ്പെടെ കൂടിക്കാഴ്ചയിൽ ചർച്ചാ വിഷയമാകും. കഴിഞ്ഞ ആഴ്ചയാണ് മീഹോൾ മാർട്ടിൻ സെന്റ് പാട്രിക്സ് ദിനത്തോട് അനുബന്ധിച്ചുള്ള അമേരിക്കൻ സന്ദർശനം ആരംഭിച്ചത്.
അയർലൻഡും അമേരിക്കയും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിനായി വിവിധ ഉഭയകക്ഷി വിഷയങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്യും. നിലവിലെ സംഘർഷങ്ങൾക്ക് പരിഹാരം വേണമെന്ന് മാർട്ടിൻ ട്രംപിനോട് ആവശ്യപ്പെടും. രാവിലെ വൈറ്റ് ഹൗസിൽ എത്തുന്ന മീഹോൾ മാർട്ടിൻ ആദ്യം യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസുമായി കൂടിക്കാഴ്ച നടത്തും. അദ്ദേഹത്തോടൊപ്പം പ്രഭാത ഭക്ഷണം കഴിക്കും.

