ന്യൂഡൽഹി ; ആലപ്പുഴ സ്വദേശിയായ പരിസ്ഥിതി പ്രവർത്തക കൊല്ലക്കയിൽ ദേവകി അമ്മയ്ക്ക് പത്മശ്രീ. അൺസങ് ഹീറോസ് വിഭാഗത്തിൽ 45 പേർക്കാണ് ഇത്തവണത്തെ പത്മശ്രീ പുരസ്കാരം. കുറുമ്പ ഗോത്ര വിഭാഗത്തിലെ ചിത്രകാരനായ നീലഗിരി സ്വദേശി ആർ. കൃഷ്ണനും മരണാനന്തര ബഹുമതിയായി പത്മശ്രീ ലഭിച്ചു.
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിലെ മുതുകുളത്ത് അഞ്ച് ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന തപസ്വനം എന്ന വനമുണ്ടാക്കിയ ദേവകി അമ്മ വനത്തിൽ 3000-ത്തിലധികം ഔഷധസസ്യങ്ങളെയും വൻമരങ്ങളെയും പരിപാലിക്കുന്നു.. 92 വയസ്സുള്ള ദേവകി അമ്മ, തന്റെ പൂർവ്വിക ഭവനമായ കൊല്ലയക്കൽ വളപ്പിലെ അഞ്ചേക്കർ തരിശുഭൂമിയിലാണ് വനമുണ്ടാക്കിയത്.
1980-ൽ ഉണ്ടായ ഒരു വാഹനാപകടമാണ് ദേവകി അമ്മയുടെ ജീവിതത്തെ മാറ്റിമറിച്ചത്.മൂന്ന് വർഷത്തോളം കിടപ്പിലായിരുന്ന അവർക്ക് പിന്നീട് പഴയതുപോലെ നെൽവയലുകളിൽ പോയി കൃഷി ചെയ്യാൻ സാധിച്ചില്ല. എന്നാൽ മനക്കരുത്ത് കൈവിടാതെ അവർ വീടിനോട് ചേർന്നുള്ള സ്ഥലത്ത് മരങ്ങൾ നട്ടുപിടിപ്പിക്കാൻ തീരുമാനിച്ചു.
മരങ്ങൾക്ക് മാത്രമേ നശിച്ചുകൊണ്ടിരിക്കുന്ന ഈ ഗ്രഹത്തെ രക്ഷിക്കാൻ കഴിയൂ എന്ന വലിയ പാഠം ജീവിത പങ്കാളിയായിരുന്ന അധ്യാപകൻ ഗോപാലകൃഷ്ണ പിള്ളയിൽ നിന്നാണ് അവർ പഠിച്ചത്. യാത്രകൾ കഴിഞ്ഞ് മടങ്ങുമ്പോൾ പുതിയ മരങ്ങളുടെയും ചെടികളുടെയും തൈകളും വിത്തുകളും അദ്ദേഹം കരുതുമായിരുന്നു. അവ നട്ടു പിടിപ്പിക്കുന്നത് ഭർത്താവിന്റെ മരണശേഷവും ദേവകി അമ്മ തുടരുകയായിരുന്നു.

