കൊല്ലം : മഹിളാ കോൺഗ്രസ് നേതാവ് ആർ രശ്മി ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് അവർ ഇന്ന് അംഗത്വം സ്വീകരിച്ചത് . നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം കൊട്ടാരക്കരയിൽ തനിക്കുണ്ടായ തിക്താനുഭവങ്ങളാണ് പാർട്ടി വിടാൻ കാരണമെന്ന് രശ്മി പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് പോലെയുള്ള വലിയ ക്യാൻവാൻസിൽ എന്നപ്പോലെയുള്ള സാധാരണക്കാർക്ക് മത്സരിക്കാനാകുകയെന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. കെഎൻ ബാലഗോപാൽ എന്ന വലിയ പ്രമുഖനൊപ്പമായിരുന്നു മത്സരിച്ചത്. മത്സരരംഗത്ത് വന്നപ്പോൾ പൊതുസമൂഹം എന്നെ രണ്ട് കയ്യും നീട്ടി സ്വീകരിച്ചു. സാധാരണക്കാരിയായി 2005 മുതൽ രാഷ്ട്രീയപ്രവർത്തനം ആരംഭിച്ച തനിക്ക് പൊതുസമൂഹം തന്ന സ്വീകാര്യതയാണ് അതിന് കാരണമെന്ന് രശ്മി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
2021 ൽ കൊട്ടാരക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു രശ്മി. ഇടതുമുന്നണിയിൽ നിന്ന് ആയിഷ പോറ്റി കോൺഗ്രസിൽ ചേർന്നതു മുതൽ പാർട്ടി നേതൃത്വവുമായി അവർ അഭിപ്രായവ്യത്യാസത്തിലായിരുന്നു. കോൺഗ്രസ് നേതാക്കൾ രശ്മിയുമായി ചർച്ച നടത്തിയെങ്കിലും അവർ വഴങ്ങിയില്ല.
രശ്മി കോൺഗ്രസിന് മുന്നിൽ രണ്ട് നിബന്ധനകൾ വെച്ചിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ തന്റെ സാമ്പത്തിക ബാധ്യത പാർട്ടി തീർക്കണം, യുഡിഎഫ് അധികാരത്തിൽ വന്നാൽ ബോർഡ് കോർപ്പറേഷൻ സ്ഥാനങ്ങളിൽ ഒന്ന് നൽകണം എന്നിവയായിരുന്നു ആവശ്യങ്ങൾ. എന്നാൽ, കോൺഗ്രസ് നേതാക്കൾ അനുകൂലമായ പ്രതികരണം നൽകിയില്ലെന്നാണ് റിപ്പോർട്ട്. പാർട്ടി വിടാനുള്ള തീരുമാനത്തിൽ രശ്മി ഉറച്ചുനിന്നു.
മുൻ യൂത്ത് കോൺഗ്രസ് നേതാവും പാർട്ടി അനുഭാവിയുമായ സംവിധായകൻ അഖിൽ മാരാർ കഴിഞ്ഞ ദിവസം എൻഡിഎയുടെ ഭാഗമായ ട്വന്റി20യിൽ ചേർന്നിരുന്നു. അതേസമയം, പാലക്കാട് കെടിഡിസി ചെയർമാൻ സ്ഥാനം രാജിവച്ച മുതിർന്ന സിപിഎം നേതാവ് പി കെ ശശി യുഡിഎഫിൽ ചേർന്നേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. യുഡിഎഫ് നേതാക്കളുമായി അദ്ദേഹം ചർച്ച നടത്തിയതായി റിപ്പോർട്ടുകളുണ്ട്.

