കൊച്ചി: കെട്ടിട നിർമ്മാണ പെർമിറ്റിനായി നടുറോഡിൽ വച്ച് കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ ഉദ്യോഗസ്ഥയെ കൊച്ചി കോർപ്പറേഷൻ സസ്പെൻഡ് ചെയ്തു. കെട്ടിട ഇൻസ്പെക്ടർ എ സ്വപ്നയ്ക്കെതിരെയാണ് കോർപ്പറേഷൻ നടപടി സ്വീകരിച്ചത് . എറണാകുളം സ്വദേശിയുടെ പരാതിയിലാണ് ഇവർ അറസ്റ്റിലായത്.
ഇവർക്കെതിരെ നിരവധി അഴിമതി കേസുകളുണ്ട്. ഉദ്യോഗസ്ഥ വ്യാപകമായി കൈക്കൂലി വാങ്ങുന്നതായി വിജിലൻസിന് വിവരം ലഭിച്ചിരുന്നു. വിജിലൻസ് തയ്യാറാക്കിയ പട്ടികയിൽ കോർപ്പറേഷന്റെ വൈറ്റിലയിലെ സോണൽ ഓഫീസിലെ മറ്റ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു.
കോർപ്പറേഷൻ പരിധിക്കുള്ളിൽ അഞ്ച് നില കെട്ടിടം നിർമ്മിക്കുന്നതിനുള്ള പെർമിറ്റിനായി പരാതിക്കാരി കോർപ്പറേഷനിൽ എത്തിയിരുന്നു. അതിനിടയിൽ, ബിൽഡിംഗ് ഇൻസ്പെക്ടറായ സ്വപ്ന കൈക്കൂലി ആവശ്യപ്പെട്ടു. തുടർന്ന് പരാതിക്കാരി എറണാകുളം വിജിലൻസ് സെൻട്രൽ യൂണിറ്റ് എസ്പിയെ നേരിട്ട് കണ്ട് പരാതി നൽകി. വിജിലൻസിന്റെ നിർദ്ദേശപ്രകാരം പരാതിക്കാരി പണവുമായി വൈറ്റിലയിലെത്തി. ഈ സമയം, കൈക്കൂലി വാങ്ങാൻ സ്വപ്ന സ്വന്തം കാറിൽ കാത്തിരിക്കുകയായിരുന്നു. പണം വാങ്ങുന്നതിനിടെ വിജിലൻസ് സംഘം ഉദ്യോഗസ്ഥയെ വളഞ്ഞു അറസ്റ്റ് ചെയ്യുകയായിരുന്നു.
തൃശൂരിലായിരുന്ന സ്വപ്നയെ 2023 ൽ കൊച്ചി കോർപ്പറേഷനിലേക്ക് സ്ഥലം മാറ്റി. ഫസ്റ്റ് ഗ്രേഡ് ഓവർസിയർ തസ്തികയിലായിരുന്ന സ്വപ്നയ്ക്ക് ബിൽഡിംഗ് ഇൻസ്പെക്ടറുടെ ചുമതലയും നൽകി. സ്വപ്നയുടെ അറസ്റ്റിനെത്തുടർന്ന് വിജിലൻസ് വ്യാപകമായ പരിശോധനകൾ നടത്തിവരികയാണ്.

