പ്രത്യാശയുടെ ദിനമാണ് ഈസ്റ്റർ . അപ്പവും, വീഞ്ഞും തന്റെ ശരീരവും, രക്തവുമായി യേശുദേവൻ പങ്ക് വച്ചതും ഈ ദിനങ്ങളിലാണ് . അതുകൊണ്ട് തന്നെ വിശ്വാസികളുടെ ഈ വിശുദ്ധവാരത്തിലെ ഏറ്റവും പ്രധാന ആചാരമാണ് പെസഹ അപ്പമുണ്ടാക്കൽ.
പുളിപ്പില്ലാത്ത അപ്പവും, വീഞ്ഞിന് പകരം തേങ്ങാപ്പാലുമാണ് വിളമ്പുക. ജീരകവും വെളുത്തുള്ളിയുമൊക്കെ ചേർത്താണ് അപ്പം തയ്യാറാക്കുന്നത് . അരിപ്പൊടിയാണ് അപ്പത്തിലെ പ്രധാന ചേരുവ. അതിലേയ്ക്ക് കുതിർത്ത ഉഴുന്ന് വെള്ളം ചേർക്കാതെ അരച്ചെടുത്തത് ചേർക്കാം. ശേഷം ജീരകവും വെളുത്തുള്ളിയും അരച്ചെടുത്തതും, ചിരകിയ തേങ്ങയും ആവശ്യത്തിന് ഉപ്പും ചേർത്ത് തിളച്ച വെള്ളമൊഴിച്ചു കുഴച്ചെടുത്താൽ അപ്പത്തിനുള്ള മാവായി.
ഇത് വാഴയിലക്കീറിനു നടുവിൽ വട്ടത്തിൽ പരത്തി അരികുകൾ മടക്കി വാഴനാരുകൊണ്ടു കെട്ടി ആവിയിൽ വേവിച്ചെടുക്കണം. അപ്പത്തിനു നടുവിൽ ഓശാന നാളിലെ കുരുത്തോലയുടെ കീറ് കുരിശാകൃതിയിൽ വയ്ക്കും. തേങ്ങാപ്പാലിൽ ശർക്കരയും, ജീരകവും , ഏലയ്ക്കയും , ചുക്കുവും ചേർത്ത് തിളപ്പിച്ചെടുക്കുന്നതാണ് പെസഹാ പാൽ. പാൽ തിളയ്ക്കുമ്പോൾ അതിലേക്ക് കുരുത്തോല കീറിയിടുന്നു. തണുത്ത ശേഷമാണ് ഇത് അപ്പത്തിനൊപ്പം വിളമ്പുന്നത് .

