ഈസ്റ്റർ ആഘോഷത്തിൽ പ്രധാനപ്പെട്ട സ്ഥാനമാണ് ഈസ്റ്റർ മുട്ടകൾക്ക് ഉള്ളത്. ചായങ്ങൾ കൊണ്ട് മൂടിയ മുട്ടകൾ ഈസ്റ്ററിന്റെ ഭാഗമായുള്ള അലങ്കാരങ്ങൾക്കും സമ്മാനമായി നൽകാനും ഉപയോഗിക്കാറുണ്ട്. യേശുക്രിസ്തുവിന്റെ ഒഴിഞ്ഞ ശവക്കല്ലറയുടെ പ്രതീകമായിട്ടാണ് ഈസ്റ്റർ മുട്ടകളെ കാണുന്നത്.
പുരാതനകാലം മുതൽക്കേ ഈസ്റ്റർ മുട്ടകൾ ആഘോഷവേളയിൽ ഉപയോഗിക്കാറുണ്ട്. പാസ്കൽ മുട്ടകൾ എന്നും ഈസ്റ്റർ മുട്ടകൾ അറിയപ്പെടുന്നു. കോഴികളുടെ മുട്ടകളാണ് ഇതിനായി ഉപയോഗിക്കുക. പ്രത്യുൽപ്പാദനത്തിന്റെയും പുനർജന്മത്തിന്റെയും ചിഹ്നങ്ങളായി കൂടി മുട്ടകളെ കണക്കാക്കുന്നു. അതുകൊണ്ട് തന്നെ ഈസ്റ്റർ മുട്ടകൾ ശേയുവിന്റെ പുനർജന്മത്തിന്റെ പ്രതീകം കൂടിയാണ്.
ഈസ്റ്റർ മുട്ടയുടെ ഉത്ഭവം പെസഹാ മുട്ടയിൽ നിന്നാണെന്ന് കരുതപ്പെടുന്നു. ഈസ്റ്ററിന്റെ ആദ്യകാലങ്ങളിൽ ചുവപ്പ് നിറം പൂശിയിരുന്ന മുട്ട, പെസഹാ ദിനത്തിൽ ചൊരിയപ്പെട്ട ക്രിസ്തുവിന്റെ രക്തത്തെയാണ് സൂചിപ്പിക്കുന്നത്. പുഴുങ്ങിയ മുട്ടകൾ കൊണ്ടാണ് ഈസ്റ്റർ മുട്ടകൾ നിർമ്മിക്കുക. നന്നായി പുഴുങ്ങിയെടുത്ത ശേഷം ഇതിന് മുകളിൽ പല നിറങ്ങൾ പൂശും. എന്നാൽ കാലത്തിന്റെ മാറ്റം ഈസ്റ്റർ ആഘോഷത്തിലും ഈസ്റ്റർ മുട്ടകളിലും മാറ്റം വരുത്തിയിട്ടുണ്ടെന്ന് വേണം പറയാൻ.
ഇന്ന് ചോക്ലേറ്റുകൾ കൊണ്ടുണ്ടാക്കിയ മുട്ടകളും തടികൾകൊണ്ടും പ്ലാസ്റ്റിക് കൊണ്ടും ഉണ്ടാക്കിയ മുട്ടകളും ഈസ്റ്റർ മുട്ടകളായി ഉപയോഗിക്കുന്നു. കുട്ടികൾക്ക് പ്രിയങ്കരമായതിനാലാണ് ചോക്ലേറ്റ് കൊണ്ട് നിർമ്മിച്ച മുട്ടകൾ ഉപയോഗിക്കുന്നത്. സമ്മാനങ്ങളായി ഇവ കെെമാറാറുണ്ട്. തടികൾ കൊണ്ടുണ്ടാക്കിയ മുട്ടകൾ കേടുവരുകയില്ല. അതുകൊണ്ട് തന്നെ പിന്നീടുള്ള ഈസ്റ്റർ ആഘോഷങ്ങൾക്കും ഉപയോഗിക്കാം. പ്ലാസ്റ്റിക് മുട്ടകളും ദീർഘനാൾ ഉപയോഗിക്കാം. അതേസമയം മുട്ടകൾ പുഴുങ്ങി പരമ്പരാഗത രീതിയിൽ തന്നെ ഈസ്റ്റർ മുട്ട നിർമ്മിക്കുന്നവർ ഇപ്പോഴും ഉണ്ട്. കിഴക്കൻ യൂറോപ്പിൽ ഉള്ളവർ ഇപ്പോഴും പഴയ രീതിയാണ് പിന്തുടരുന്നത്.

