ജറുസലേം: തീവ്രവാദികൾക്ക് വധശിക്ഷ നിർബന്ധമാക്കുന്ന ബില്ലിന് അംഗീകാരം നൽകി ഇസ്രായേൽ പാർലമെന്റ് . നെസെറ്റ് പ്ലീനത്തിന്റെ 62 നിയമസഭാംഗങ്ങൾ ബില്ലിനെ അനുകൂലിച്ചും 48 പേർ എതിർത്തും വോട്ട് ചെയ്തു . ഒരാൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു .
പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരിട്ട് സമ്മേളനത്തിൽ പങ്കെടുക്കുകയും ബില്ലിനെ പിന്തുണച്ച് വോട്ട് രേഖപ്പെടുത്തുകയും ചെയ്തു. ഇത് സർക്കാരിന്റെ ശക്തമായ പിന്തുണയെ സൂചിപ്പിക്കുന്നു. ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിറും അദ്ദേഹത്തിന്റെ ഓട്സ്മ യെഹൂദിറ്റ് പാർട്ടിയും ചേർന്നാണ് നിയമനിർമ്മാണത്തിന് നേതൃത്വം നൽകിയത്.
ഭീകരതയ്ക്കിരായവർക്കും , അവരുടെ കുടുംബങ്ങൾക്കും നീതി ലഭ്യമാക്കുന്നതിനൊപ്പം തീവ്രവാദ പ്രവർത്തനങ്ങൾക്കെതിരെ നിർണായകമായ പ്രതിരോധവും ബിൽ മുന്നോട്ട് വയ്ക്കുന്നു. ഇസ്രായേൽ പൗരന്മാരെ സംരക്ഷിക്കുന്നതിനും ഭാവിയിലെ ആക്രമണങ്ങൾ തടയുന്നതിനുമുള്ള ഒരു ആവശ്യമായ നടപടിയാണിതെന്ന് ബില്ലിൽ പറയുന്നു. ഭീകരപ്രവർത്തനത്തിന്റെ ഭാഗമായി മനഃപൂർവ്വം ഒരാളെ കൊല്ലുന്ന ഏതൊരു തീവ്രവാദിക്കും വധശിക്ഷ വിധിക്കാമെന്ന് ബിൽ വ്യവസ്ഥ ചെയ്യുന്നു
മാരകമായ ആക്രമണങ്ങൾ നടത്തിയതിന് ഇസ്രായേൽ സൈനിക കോടതികൾ ശിക്ഷിച്ച അധിനിവേശ വെസ്റ്റ് ബാങ്കിലെ ഹമാസ് ഭീകരർക്കും വധശിക്ഷ ബിൽ വ്യവസ്ഥ ചെയ്യുന്നു. “പ്രത്യേക സാഹചര്യങ്ങളിൽ” ശിക്ഷകൾ ജീവപര്യന്തം തടവായി കുറയ്ക്കാം. ഹമാസ് ഭീകരരെ ഇസ്രായേൽ സൈനിക കോടതികളിലാണ് വിചാരണ ചെയ്യുന്നത്.
പലസ്തീൻ പൗരന്മാരും കിഴക്കൻ ജറുസലേം നിവാസികളും ഉൾപ്പെടെയുള്ള ഇസ്രായേലി പൗരന്മാരെ സിവിലിയൻ കോടതികളിലാണ് വിചാരണ ചെയ്യുന്നത്. ഇസ്രായേലിനെ ദ്രോഹിക്കുകയോ അതിന്റെ നിലനിൽപ്പ് അവസാനിപ്പിക്കുകയോ ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ കൊലപാതകം നടത്തുന്ന ഏതൊരാൾക്കും വധശിക്ഷയോ ജീവപര്യന്തമോ ശിക്ഷ വിധിക്കാനും നിയമം സിവിലിയൻ കോടതികളെ അനുവദിക്കുന്നു. ശിക്ഷ വിധിച്ചതിന് 90 ദിവസത്തിനുള്ളിൽ വധശിക്ഷ നടപ്പാക്കും, ഇത് 180 ദിവസത്തേക്ക് കൂടി നീട്ടാവുന്നതാണ്.

