ന്യൂഡൽഹി : ജെയ്ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസ്ഹറിന്റെ മൂത്ത സഹോദരൻ മുഹമ്മദ് താഹിർ അൻവർ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചതായി റിപ്പോർട്ട്. കാരണം അജ്ഞാതമെന്നാണ് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് . അൻവറിന്റെ സംസ്കാരം തിങ്കളാഴ്ച പാകിസ്ഥാനിലെ ബഹവൽപൂരിലെ ജാമിയ മസ്ജിദ് ഉസ്മാൻ വാലിയിൽ നടക്കുമെന്ന് ജെയ്ഷെ സംഘടനയുടെ ഔദ്യോഗിക ചാനൽ അറിയിച്ചു. എങ്കിലും അദ്ദേഹത്തിന്റെ അൻവറിന്റെ മരണത്തിന്റെ കൃത്യമായ കാരണം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
മസൂദ് അസ്ഹറിന്റെ അഞ്ച് സഹോദരന്മാരിൽ ഒരാളായിരുന്നു അൻവർ. ജെയ്ഷെ മുഹമ്മദ് പ്രവർത്തനങ്ങളിൽ പ്രധാന പങ്ക് വഹിച്ചിരുന്നയാളാണ് അൻവർ. കൂടാതെ ഭീകര സംഘടനയുടെ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
പഹൽഗാം ഭീകരാക്രമണത്തിന് പ്രതികാരമായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ മസൂദ് അസറിന്റെ കുടുംബത്തിലെ 10 അംഗങ്ങളും നാല് സഹായികളും കൊല്ലപ്പെട്ടിരുന്നു. അസ്ഹറിന്റേ ബഹാവൽപൂരിലെ ജാമിയ മസ്ജിദ് സുബ്ഹാൻ അല്ലാഹ് എന്ന ജെയ്ഷെ മുഹമ്മദ് ആസ്ഥാനത്ത് നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ അസ്ഹറിന്റെ മൂത്ത സഹോദരി, ഭർത്താവ്, ഒരു അനന്തരവൻ, ഭാര്യ, ഒരു മരുമകൾ, കുടുംബത്തിലെ അഞ്ച് കുട്ടികൾ എന്നിവരും ഉൾപ്പെടുന്നു.
ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി അന്താരാഷ്ട്ര ഭീകരനായി പട്ടികപ്പെടുത്തിയ മസൂദ് അസ്ഹർ, 2001 ലെ പാർലമെന്റ് ആക്രമണം, 2008 ലെ മുംബൈ ആക്രമണം, 2016 ലെ പത്താൻകോട്ട് ആക്രമണം, 2019 ലെ പുൽവാമ ആക്രമണം എന്നിവയുൾപ്പെടെ ഇന്ത്യയിൽ നടന്ന നിരവധി ഭീകരാക്രമണങ്ങൾക്ക് പിന്നിലെ ഗൂഢാലോചനയിൽ പങ്കാളിയാണ്.

