ഗുവാഹത്തി: രാജസ്ഥാൻ വിട്ട് ചെന്നൈയിൽ എത്തിയ സഞ്ജു സാംസണിന്റെ അരങ്ങേറ്റം പാളി. ബാറ്റിംഗിൽ സഞ്ജുവും മത്സരത്തിൽ ചെന്നൈയും രാജസ്ഥാനോട് ദയനീയമായി പരാജയപ്പെട്ടു. ഏഴിലധികം ഓവറുകൾ ബാക്കി നിൽക്കെ, 8 വിക്കറ്റിനാണ് രാജസ്ഥാന്റെ ജയം.
ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ക്യാപ്ടൻ റിയാൻ പരാഗിന്റെ തീരുമാനം ശരിവെക്കുന്ന രീതിയിൽ പന്തെറിഞ്ഞ രാജസ്ഥാൻ ബൗളർമാർ ചെന്നൈയെ 19.4 ഓവറിൽ 127 റൺസിന് പുറത്താക്കി. മറുപടി ബാറ്റിംഗിൽ 12.1 ഓവറിൽ വെറും രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി രാജസ്ഥാൻ രാജകീയമായി വിജയം ആഘോഷിച്ചു.
ചെന്നൈക്ക് വെണ്ടി ആദ്യമായി പാഡണിഞ്ഞ സഞ്ജുവിന് വെറും 6 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. ചെന്നൈയുടെ മുൻ നിര ബാറ്റ്സ്മാന്മാർ എല്ലാവരും പരാജയപ്പെട്ട മത്സരത്തിൽ, 43 റൺസെടുത്ത ജേമി ഓവർട്ടണാണ് ടോപ് സ്കോറർ. ചെന്നൈ വിട്ട് രാജസ്ഥാനിലെത്തിയ രവീന്ദ്ര ജഡേജ 3 ഓവറിൽ 18 റൺസ് വഴങ്ങി 2 വിക്കറ്റുകൾ വീഴ്ത്തി അരങ്ങേറ്റം ഗംഭീരമാക്കി. ജോഫ്ര ആർച്ചർക്കും നാന്ദ്രെ ബർഗർക്കും 2 വിക്കറ്റുകൾ വീതം ലഭിച്ചു.
ചെറിയ ലക്ഷ്യത്തിലേക്ക് അനായാസം ബാറ്റ് വീശിയ രാജസ്ഥാൻ റോയൽസിന് വേണ്ടി തീപ്പൊരി ബാറ്റിംഗ് പുറത്തെടുത്ത കൗമാരതാരം വൈഭവ് സൂര്യവംശി 17 പന്തിൽ 5 സിക്സറുകളുടെയും 4 ബൗണ്ടറികളുടെയും അകമ്പടിയോടെ 52 റൺസ് നേടി. വൈഭവിന് മികച്ച പിന്തുണ നൽകിയ യശസ്വി ജയ്സ്വാൾ 38 റൺസുമായി കളം കാത്തു. പവർപ്ലേയിൽ വിക്കറ്റ് നഷ്ടമാകാതെ 74 റൺസ് കുറിച്ച രാജസ്ഥാന് പിന്നീട് എല്ലാം ചടങ്ങ് തീർക്കലുകൾ മാത്രമായിരുന്നു.

