ആലപ്പുഴ: ആലപ്പുഴയിൽ കഴിഞ്ഞ ദിവസം അർദ്ധരാത്രി അർദ്ധനഗ്നരായി മുഖം മറച്ച് ഇറങ്ങിയ രണ്ടംഗ സംഘം ഭീതി പരത്തുന്നു. ഇവർ തമിഴ്നാട്ടിലെ തിരുട്ടു ഗ്രാമങ്ങളിൽ നിന്നുള്ള മോഷണ സംഘമായ കുറുവ സംഘമാണോ എന്ന സംശയമാണ് ജനങ്ങളെ ഭീതിയിലാക്കുന്നത്. കവർച്ചയ്ക്കിടെ കൊലപാതകം ഉൾപ്പെടെയുള്ള കൊടും ക്രൂരതകൾ കൈമുതലാക്കിയ നിഷ്ഠുരന്മാരായ മോഷ്ടക്കളുടെ സംഘമാണ് കുറുവ സംഘം.
ആലപ്പുഴ മണ്ണഞ്ചേരി നേതാജി ജംഗ്ഷന് സമീപം കഴിഞ്ഞ ദിവസം ഒരു മോഷണ ശ്രമം നടന്നിരുന്നു. തുടർന്ന് അന്വേഷണത്തിനെത്തിയ പോലീസിന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിലാണ് മുഖം മറച്ച് അർദ്ധനഗ്നരായ രണ്ടംഗ സംഘത്തെ കണ്ടെത്തിയത്. അർദ്ധനഗ്നരായി മുഖം മറച്ച് മോഷണത്തിനെത്തുന്നത് കുറുവ സംഘത്തിന്റെ രീതിയാണ്. ഈ സാഹചര്യത്തിലാണ് പോലീസ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. പ്രദേശത്ത് പോലീസ് രാത്രി പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്.
മോഷണം നടത്താൻ ഉദ്ദേശിക്കുന്ന വീടുകൾ ആറ് മാസത്തോളം നിരീക്ഷിച്ച ശേഷമാണ് കുറുവ സംഘം അകത്ത് കടക്കുന്നത്. പകൽ സമയങ്ങളിൽ ചെറിയ ജോലികളുമായി പ്രദേശത്ത് തങ്ങുകയും രാത്രിയിൽ മാരകായുധങ്ങളുമായി കടന്നുവന്ന് കവർച്ച നടത്തുകയുമാണ് ഇവരുടെ രീതി.
സംസ്ഥാനത്ത് പലയിടങ്ങളിലും ഇതിന് മുൻപ് കുറുവ സംഘം മോഷണം നടത്തിയിട്ടുണ്ട്. അതിർത്തി പ്രദേശങ്ങളായ കോയമ്പത്തൂർ, തഞ്ചാവൂർ, മധുര എന്നിവിടങ്ങളിൽ സംഘത്തിന്റെ ശക്തമായ സാന്നിദ്ധ്യമുണ്ട്. വീടുകളുടെ പിൻ വാതിൽ വഴി അകത്ത് കടക്കുന്ന ഇവർ എതിർക്കുന്നവരെ മാരകമായി ആക്രമിക്കാറുണ്ട്.
രാത്രികാലങ്ങളിൽ വീടിന് പുറത്ത് ടാപ്പ് തുറന്ന് വിടുകയോ കുട്ടികളുടെ കരച്ചിൽ പോലെയുള്ള ശബ്ദങ്ങൾ പുറപ്പെടുവിക്കുകയോ ചെയ്യുന്ന ഇവർ, കാര്യമറിയാൻ വാതിൽ തുറന്ന് പുറത്തിറങ്ങുന്നവരെ മൃഗീയമായി ആക്രമിച്ച ശേഷം അകത്ത് കടക്കുന്നു. അർദ്ധനഗ്നമായ ദേഹമാസകലം എണ്ണയും കരിയും പുരട്ടി എത്തുന്ന ഇവരെ പിടികൂടാൻ ശ്രമിച്ചാലും സാധിക്കില്ല. എളുപ്പത്തിൽ വഴുതി മാറി മോഷണ മുതലുമായി കടക്കുന്ന സംഘം, മോഷണം നടത്താൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന് കിലോമീറ്ററുകൾ അകലെ കൂട്ടമായാണ് തമ്പടിക്കുക. മോഷണ മുതലുമായി തിരികെ തമിഴ്നാട്ടിലേക്ക് കടക്കുന്ന ഇവർ പ്രധാനമായും ആഢംബര ജീവിതം നയിക്കുന്നതിന് വേണ്ടിയാകും മോഷണം നടത്തുക.
ഇത്തരം മോഷണ സംഘങ്ങളെ ചെറുക്കാൻ വീടുകളുടെ മുൻ വാതിലുകൾ സുരക്ഷിതമാക്കുന്നതിൽ പുലർത്തുന്ന ജാഗ്രത പിൻ വാതിലുകളുടെ കാര്യത്തിലും പുലർത്തേണ്ടതുണ്ട്. വാതിലുകൾ ഉറപ്പുള്ളതാക്കുകയും വാതിലുകൾക്ക് പിന്നിൽ ഇരുമ്പിന്റെ പട്ട ഘടിപ്പിക്കുകയും വേണം. വാതിലുകൾക്ക് മുന്നിലോ പിന്നിലോ ഇരുമ്പ് ഗ്രിൽ ഘടിപ്പിക്കുകയും ഇവ പുട്ടുകയും ചെയ്യണം. സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നതും അഭികാമ്യമാണ്. പാര, കോടാലി തുടങ്ങിയ മാരകായുധങ്ങൾ ഒരു കാരണവശാലും വീടുകൾക്ക് പുറത്ത് സൂക്ഷിക്കരുത്. കിടപ്പ് മുറികളിൽ കിടക്കകൾക്ക് സമീപം കൈ എത്തുന്നിടത്ത് ഒരു വടി കരുതുന്നതും നല്ലതാണ്.
വീടുകൾക്ക് പുറത്ത് നിന്നും രാത്രിയിൽ അസ്വാഭാവിക ശബ്ദങ്ങൾ കേട്ടാൽ ഒരു കാരണവശാലും ഒറ്റയ്ക്ക് പുറത്തിറങ്ങരുത്. പവർ സ്വിച്ച് ഉപയോഗിച്ച് ലൈറ്റുകൾ എല്ലാം ഓൺ ആക്കുകയും ഫോൺ മുഖേന അയൽക്കാരെ വിവരം അറിയിച്ച ശേഷം സമീപ വീടുകളിൽ ഉള്ളവർ ഒരുമിച്ച് പുറത്തിറങ്ങുന്നതാണ് നല്ലത്. അയൽക്കാരുടെയും റെസിഡൻസ് അസോസിയേഷനുകളുടെയും വാട്സാപ്പ് കൂട്ടായ്മകളിൽ വിവരങ്ങൾ കൃത്യമായി അറിയിക്കണം. രാത്രികാലങ്ങളിൽ വീടുകളുടെ പിൻഭാഗത്ത് ഒരു ലൈറ്റ് പ്രകാശിപ്പിക്കുന്നതും സുരക്ഷയ്ക്ക് നല്ലതാണെന്ന് റിട്ടയേർഡ് ഐപിഎസ് ഉദ്യോഗസ്ഥൻ ജോർജ്ജ് ജോസഫ് നിർദ്ദേശിക്കുന്നു.