പത്തനംതിട്ട : ശബരിമലയിൽ വഴിപാടുകൾക്കായി തേൻ എത്തിച്ചതിൽ ഗുരുതര വീഴ്ച . കരാർ നൽകിയ കമ്പനി ഫോർമിക് ആസിഡ് വിതരണം ചെയ്യുന്ന പാത്രങ്ങളിലാണ് തേൻ എത്തിച്ചതെന്ന് കണ്ടെത്തി. ഇത് ദേവസ്വം വിജിലൻസാണ് കണ്ടെത്തിയത് . വിജിലൻസ് റിപ്പോർട്ടിനെ തുടർന്ന് തേൻ ഉപയോഗിച്ചിട്ടില്ല. പമ്പയിലെ ഭക്ഷ്യസുരക്ഷാ ലാബ് പരിശോധന നടത്തുന്നതിൽ പരാജയപ്പെട്ടതായും കണ്ടെത്തി.
പൊതുമേഖലാ സ്ഥാപനമായ റെയ്ഡ്കോയാണ് ശബരിമലയിൽ തേൻ വിതരണം ചെയ്യുന്നത് . പഴയ സ്റ്റോക്കിൽ നിന്നുള്ള തേനാണ് അഭിഷേകം ഉൾപ്പെടെയുള്ള പൂജകൾക്ക് ഉപയോഗിക്കുന്നത് . പമ്പയിലെ ഭക്ഷ്യസുരക്ഷാ ലാബിലെ ഗവേഷണ ഓഫീസറുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയാണ് വിജിലൻസ് കണ്ടെത്തിയത്. പമ്പയിലെ ഭക്ഷ്യസുരക്ഷാ ലാബിൽ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് ഭക്ഷണസാധനങ്ങൾ സന്നിധാനത്തേക്ക് കൊണ്ടുവരുന്നത്.
വിജിലൻസിന്റെ കണ്ടെത്തലുകൾ സ്ഥിരീകരിച്ചതിനെത്തുടർന്ന് റെയ്ഡ്കോയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ടെന്ന് ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ ഒ ജി ബൈജു പറഞ്ഞു. മറുപടി ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കണ്ടെയ്നറുകളിൽ കൂടുതൽ പരിശോധനകൾ നടത്തും. കഴിഞ്ഞ ആഴ്ച വിജിലൻസ് തിരച്ചിൽ നടത്തി, പ്രാഥമിക റിപ്പോർട്ട് മാത്രമാണ് ഇപ്പോൾ നൽകിയിരിക്കുന്നത്.

