കൊച്ചി : മുൻ ഡിജിപി ജേക്കബ് തോമസ് ആർ എസ് എസിലേയ്ക്ക് . വിജയദശമി ദിനത്തിൽ നടക്കുന്ന പദസഞ്ചലത്തിൽ അദ്ദേഹം പൂർണ്ണഗണവേഷത്തിൽ പങ്കെടുക്കും. സന്നദ്ധപ്രവർത്തനത്തിന് ഏറ്റവും നല്ല ഇടം ആർ എസ് എസ് ആണെന്നും ജേക്കബ് തോമസ് വ്യക്തമാക്കി.
എറണാകുളം ജില്ലയിലെ പള്ളിക്കരയിൽ വച്ചാണ് വിജയദശമി ദിനത്തിലെ പദസഞ്ചലനം സംഘടിപ്പിച്ചിരിക്കുന്നത്. ആർ എസ് എസിന്റെ സ്ഥാപകദിനമായി കണക്കാക്കുന്ന ഏറ്റവും വലിയ പരിപാടിയാണ് വിജയദശമി ദിനാചരണം. ഈ പരിപാടിയിലാണ് ഗണവേഷത്തിൽ ജേക്കബ് തോമസ് പങ്കെടുക്കുക.
ഭാരതത്തോട് ചേർന്ന് നിൽക്കാനാണ് ആർ എസ് എസിൽ സജീവമാകുന്നതെന്ന് ജേക്കബ് തോമസ് പറഞ്ഞു . സംഘത്തിന് രാഷ്ട്രീയമില്ല. ലോകത്തെ ഏറ്റവും വലിയ സന്നദ്ധസംഘടനയാണിത് . ജനങ്ങളുടെ ഉന്നതിക്കായി പ്രവർത്തിക്കുന്ന സംഘടന.താനും അതിന്റെ ഭാഗമാകുകയാണെന്നും ജേക്കബ് തോമസ് പറഞ്ഞു.
ഏറെക്കാലമായി ജേക്കബ് തോമസ് ആർ എസ് എസുമായും, ബിജെപിയുമായും അടുത്ത ബന്ധം പുലർത്തുന്നുണ്ട് . 2021 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുടയിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായി ജേക്കബ് തോമസ് മത്സരിച്ചിരുന്നു. ഇതിനു മുൻപും ആർഎസ്എസ് സംഘടിപ്പിച്ച പരിപാടികളിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.
2019 ൽ ആർ എസ് എസ് സംഘടിപ്പിച്ച ഗുരുപൂജയിൽ ജേക്കബ് തോമസ് പങ്കെടുത്തിരുന്നു.

