കോഴിക്കോട്: താമരശ്ശേരിയിൽ ഡോക്ടർക്ക് വെട്ടേറ്റ സംഭവത്തിൽ പ്രതിഷേധവുമായി ഡോക്ടർമാരുടെ സംഘടന കെജിഎംഒഎ. താമരശേരിയിലെ താലൂക്ക് ആശുപത്രിയിലെ മുഴുവൻ സേവനവും നിർത്തിവെക്കുന്നതായി കെജിഎംഒഎ അറിയിച്ചു. മറ്റു ആശുപത്രികളിൽ അത്യാഹിത വിഭാഗം ഒഴികെയുള്ള വിഭാഗങ്ങളിൽ പ്രവർത്തനം നിർത്തുമെന്നും സംഘടന അറിയിച്ചു.
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർ വിപിൻ്റെ തലക്കാണ് വെട്ടേറ്റത്. താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം പിടിപെട്ട് മരിച്ച ഒൻപതുകാരിയുടെ പിതാവ് സനൂപാണ് ഡോക്ടറെ ആക്രമിച്ചത്. ജോലി സുരക്ഷ ഉറപ്പാക്കുന്നതിൽ സിസ്റ്റം പരാജയപ്പെട്ടെന്ന് കെജിഎംഒഎ പറഞ്ഞു. വന്ദന ദാസ് കൊല്ലപ്പെട്ട സമയത്ത് നൽകിയ ഉറപ്പുകൾ പാഴായെന്നും കെജിഎംഒഎ പറഞ്ഞു.
പരിക്കേറ്റ ഡോക്ടറെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റി. ഡോക്ടറെ ആക്രമിച്ച സനൂപിനെ പോലീസ് പിടികൂടി. രണ്ടു മക്കൾക്കൊപ്പമാണ് അക്രമി എത്തിയത്. കുട്ടികളെ പുറത്ത് നിർത്തിയാണ് ഇയാൾ സൂപ്രണ്ടിൻ്റെ റൂമിലെത്തിയത്. ഈ സമയം സൂപ്രണ്ട് മുറിയിൽ ഉണ്ടായിരുന്നില്ല. സൂപ്രണ്ടിനെ ലക്ഷ്യംവെച്ചാണ് സനൂപ് എത്തിയത്. പിന്നീട് ഡോക്ടര്‍ വിപിനെ വെട്ടുകയായിരുന്നു.

