തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സിസേറിയൻ സമയത്ത് കുഞ്ഞ് മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ. സംഭവത്തിൽ അന്വേഷണം നടത്താൻ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. ഒരു മാസത്തിനുള്ളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ അലക്സാണ്ടർ തോമസ് ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദ്ദേശം നൽകി. ഉത്തരവാദിയായ ഡോക്ടർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ സൈതാലി കൈപ്പാടി നൽകിയ പരാതിയിലാണ് നടപടി.
ഗർഭിണിയായിരുന്ന പാലോട് സ്വദേശി നിരഞ്ജന പരിശോധനയ്ക്കായി കഴിഞ്ഞ ചൊവ്വാഴ്ച എത്തിയപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ നിർദ്ദേശിച്ചു. പുലർച്ചെ 4 മണിക്ക് ലേബർ റൂമിലേക്ക് കൊണ്ടുപോയി. ഉച്ചയ്ക്ക് 2 മണിക്ക് സിസേറിയൻ നടത്തി കുഞ്ഞിനെ പുറത്തെടുത്തു. പിന്നീട് കുഞ്ഞ് മരിച്ചു. മരണകാരണം ശ്വാസതടസമാണെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു . വ്യാപകമായ പ്രതിഷേധങ്ങൾക്കിടെ സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കുറ്റാരോപിതയായ ഡോക്ടർ ബിന്ദു സുന്ദറിനെ ആദ്യം സ്ഥലം മാറ്റുകയും പിന്നീട് സസ്പെൻഡ് ചെയ്യുകയും ചെയ്തു.

