സുനീഷ് വി ശശിധരൻ
അതിതീവ്ര വോട്ടർ പട്ടിക പരിഷ്കരണം നടപ്പിലായതിന് ശേഷമുള്ള ആദ്യ പൊതുതിരഞ്ഞെടുപ്പിൽ വിധിയെഴുതാൻ കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക്. സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലെ 26,953,644 വോട്ടർമാർക്കാണ് സംസ്ഥാനത്തിന്റെ ഭാവി ഭാഗധേയം നിർണയിക്കാനുള്ള അവസരം. ഭരണകക്ഷിയായ ഇടതുപക്ഷ ജനാധിപത്യ മുന്നണിയും, പ്രതിപക്ഷമായ ഐക്യ ജനാധിപത്യ മുന്നണിയും തമ്മിൽ നേരിട്ട് നടക്കുന്ന പോരാട്ടത്തിൽ സാന്നിധ്യം അറിയിക്കാൻ ദേശീയ ജനാധിപത്യ സഖ്യവും കച്ച മുറുക്കുന്നു.
മലയാളിയുടെ രാഷ്ട്രീയ പ്രബുദ്ധത എന്നത് ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണെങ്കിലും, വിധിയെഴുത്ത് എന്നത് അന്തിമവും അനിവാര്യവുമായിരിക്കും. ലോക ചരിത്രത്തിൽ ആദ്യമായി ബാലറ്റിലൂടെ തിരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിസ്റ്റ് മന്ത്രിസഭയ്ക്ക് ജന്മം നൽകി എന്നതിൽ തുടങ്ങുന്ന കേരളത്തിന്റെ തിരഞ്ഞെടുപ്പ് രാഷ്ട്രീയ ചരിത്രത്തിലെ നിർണായക വഴിത്തിരിവായിരുന്നു പിന്നാലെ വന്ന വിമോചന സമരവും തുടർന്നുള്ള ഭരണമാറ്റവും. പിന്നീട് പലകുറിയും ഒഴുക്കിനെതിരെ നീന്തി രാഷ്ട്രീയ വിദ്യാർത്ഥികളെ അത്ഭുതപ്പെടുത്തിയിട്ടുള്ള കേരളം, അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിനൊപ്പം നിന്നു.
രാജ്യത്ത് കഴിഞ്ഞ മൂന്നര നാല് പതിറ്റാണ്ടിനിടയ്ക്ക് ദേശീയ രാഷ്ട്രീയധാരയിൽ വലിയ കൊടുങ്കാറ്റുകൾ സൃഷ്ടിച്ച, കഴിഞ്ഞ ഒരു വ്യാഴവട്ടമായി ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി നിലകൊള്ളുന്ന ബിജെപിക്ക്, ഒരേയൊരു തവണ, ഒരൊറ്റ സീറ്റിൽ മാത്രമാണ് കേരളം അവസരം നൽകിയത് എന്നത് മറ്റൊരു സവിശേഷതയാണ്. സമീപകാല ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ സമൂലം ഐക്യമുന്നണിയെ പിന്തുണച്ച കേരളം, നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതിന് ചരിത്രപരമായ തുടർഭരണം നൽകി പിന്നെയും ഞെട്ടിച്ചു.
എല്ലാ തവണത്തെയും പോലെ, തീപാറുന്ന വിഷയങ്ങളാണ് ഈ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലും കേരളം ചർച്ച ചെയ്തത്. പതിവ് പോലെ കൂടുവിട്ട് കൂടുമാറ്റങ്ങളും, പുതിയ മുന്നണി സമവാക്യങ്ങളുടെ രൂപീകരണങ്ങളും വിവാദങ്ങളും വ്യക്തിഹത്യകളും പാളിപ്പോയ തിരക്കഥകളും അസഭ്യവർഷങ്ങളും പടലപ്പിണക്കങ്ങളും പഞ്ച് ഡയലോഗുകളും അരങ്ങ് കൊഴുപ്പിച്ചു. വർഗീയതയ്ക്കും മതേതരത്വത്തിനും പുതിയ നിർവചനങ്ങൾ സൃഷ്ടിക്കപ്പെടുന്നതും, ചില സങ്കൽപ്പങ്ങളുടെ പൊളിച്ചെഴുത്തുകളും മലയാളിയുടെ തലച്ചോറിനെ ചൂടുപിടിപ്പിച്ചു.
പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഏറ്റ തിരിച്ചടിയിൽ നിന്നും പാഠമുൾക്കൊണ്ട് കൂടുതൽ ജനകീയമായാണ് ഇടതുപക്ഷം തുടർഭരണം ആവർത്തിക്കും എന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. ജനങ്ങളെ വെറുപ്പിച്ച മുതിർന്ന നേതാക്കളെയും യുവനേതാക്കളെയും ഒഴിവാക്കി അവർ പുറത്തുവിട്ട സ്ഥാനാർത്ഥി പട്ടിക തന്നെ മികച്ച ഹോം വർക്കിന്റെ ഫലമായിരുന്നു, അവിടവിടെ ചില അപവാദങ്ങൾ ഉണ്ടെങ്കിലും, ഭരണവിരുദ്ധ വികാരത്തെ മറികടക്കാൻ അവസാന ഘട്ടത്തിൽ പ്രഖ്യാപിച്ച പദ്ധതികൾ സഹായിക്കും എന്ന് തന്നെയാണ് അവരുടെ കണക്ക് കൂട്ടൽ. ജി സുധാകരൻ, എസ് ഡി പി ഐ, പി ഡി പി പിന്തുണ എന്നിവ ബൂമറാംഗ് ആകുമോ എന്നത് കാത്തിരുന്ന് കാണേണ്ടതാണ്.
ഉപതിരഞ്ഞെടുപ്പുകൾ, ലോക്സഭാ തിരഞ്ഞെടുപ്പ്, തദ്ദേശ തിരഞ്ഞെടുപ്പ് എന്നിവയിൽ കാഴ്ചവെച്ച സ്ഥിരതയാർന്ന പ്രകടനം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കാൻ സാധിക്കും എന്ന ആത്മവിശ്വാസമാണ് മറുവശത്ത് ഐക്യമുന്നണിക്ക്. ശബരിമല വിഷയം, അഴിമതികൾ, വിലക്കയറ്റം, നികുതി വർദ്ധനവുകൾ തുടങ്ങി ഒരുപിടി ജനകീയ വിഷയങ്ങൾ കൈയ്യിൽ കിട്ടിയിട്ടും അവ വേണ്ടവിധം പ്രയോജനപ്പെടുത്താൻ സാധിച്ചോ എന്നത് ഈ തിരഞ്ഞെടുപ്പ് ഫലത്തിലൂടെ അവർക്ക് ബോധ്യമാകും. പിന്തുണ സ്വീകരിക്കുന്നു എന്നതിനപ്പുറം ജമാഅത്തെ ഇസ്ലാമിയെ വെളുപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ ഇതര സമൂഹങ്ങളെ എങ്ങനെ ബാധിച്ചു എന്നതും ചോദ്യചിഹ്നമാണ്. സ്ഥാനാർത്ഥി നിർണയത്തിൽ താരതമ്യേന പതിവ് കായിക വിനോദങ്ങൾ ഇക്കുറി കുറവായിരുന്നു എന്നത് പ്ലസ് പോയിന്റ് ആകുമ്പോഴും ചില നേതാക്കളുടെ പാരാദുരിതങ്ങളും സ്വഭാവദൂഷ്യങ്ങളും നേതൃത്വത്തിന് തലവേദനയാണ്.
നിയമസഭയിൽ അംഗങ്ങൾ ഇല്ലെങ്കിലും, ലോക്സഭാ തിരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറക്കാൻ സാധിച്ചതും, തലസ്ഥാന നഗരസഭയിൽ ഉൾപ്പെടെ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ അധികാരം പിടിക്കാൻ സാധിച്ചതും ബിജെപിക്കും നേരിയ സന്തോഷം നൽകുന്ന ഘടകങ്ങളാണ്. പതിവിന് വിപരീതമായി, രാഷ്ട്രീയത്തിന് അതീതമായ പൊതുജന പിന്തുണ കൂടുതൽ കിട്ടാൻ സാധ്യതയുള്ള ഒരുപിടി മികച്ച സ്ഥാനാർത്ഥികളെ ഐക്യകണ്ഠേന അവതരിപ്പിക്കാൻ അവർക്ക് സാധിച്ചിട്ടുണ്ട്. മുതിർന്ന നേതാക്കളും യുവനിരയും ഒരേ പോലെ നിറഞ്ഞു നിൽക്കുന്ന സ്ഥാനാർത്ഥി പട്ടിക, പ്രധാനമന്ത്രിയുടെയും അമിത് ഷായുടെയും ആവർത്തിച്ചുള്ള നിരീക്ഷണം എന്നിവ അവരുടെ ആത്മവിശ്വാസം ഉയർത്തുന്നു. അതേസമയം ട്വന്റി ട്വന്റിയുടെ കടന്നുവരവ്, ബി ഡി ജെ എസിന്റെ സഹകരണം എന്നിവയുടെ പരിണിത ഫലം വോട്ടെണ്ണുമ്പോൾ മാത്രമേ വിലയിരുത്താൻ സാധിക്കൂ. ആർ എസ് എസ് സംവിധാനം എത്രകണ്ട് ഇറങ്ങി പ്രവർത്തിച്ചു എന്നതിനെ ആശ്രയിച്ചിരിക്കും അവരുടെ അക്കൗണ്ടിന്റെ ഘനം.
ഏതൊക്കെയായാലും ജനാധിപത്യത്തിന്റെ ഉത്സവം മേളക്കൊഴുപ്പോടെ കൊടിയിറങ്ങുമ്പോൾ ഇന്ന് വൈകീട്ടോടെ കുറിയ്ക്കപ്പെടുന്നത് മുന്നണികളുടെയും സ്ഥാനാർത്ഥികളുടെയും മാത്രമല്ല, അവനവന്റെ വിധി കൂടിയാണ് എന്ന ബോധ്യം വോട്ടർമാർക്ക് ഉണ്ടായിരിക്കണം. ഇവരിൽ ആര് ജയിച്ചാൽ എനിക്കും എന്റെ നാടിനും മെച്ചമുണ്ടാകും എന്ന് ചിന്തിച്ച് വിലയിരുത്തി സമ്മതിദാന അവകാശം വിനിയോഗിച്ചാൽ ചൂണ്ടുവിരലിൽ പുരളുന്ന മഷി ജനാധിപത്യത്തിന്റെ സുവർണ്ണ രേഖയായി നിലകൊള്ളും. അല്ലാത്ത പക്ഷം ചില മുതിർന്ന നേതാക്കൾ ഗ്രാമ്യഭാഷയിൽ പറയുന്ന വാക്കുകൾ അന്വർത്ഥമാകുന്നത് നോക്കി മറ്റുചില വിരലുകൾ നുണഞ്ഞ് കാലക്ഷേപം ചെയ്യേണ്ടി വരും എന്നത് ചരിത്രപാഠങ്ങളായി നമുക്ക് മുന്നിൽ തന്നെ ഉണ്ടല്ലോ… അതൊക്കെ ഓർക്കണം, ഓർത്താൽ നന്ന് എന്ന് മാത്രം പറഞ്ഞ് കൊള്ളട്ടേ…

