തിരുവനന്തപുരം : കേരളത്തിലെ 140 മണ്ഡലങ്ങളിലേയ്ക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന് . രാവിലെ 7 മുതൽ വോട്ടിംഗ് ആരംഭിച്ചു . വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ് നടക്കുക. സംസ്ഥാനത്ത് ആകെ 2.7 കോടി വോട്ടർമാരാണുള്ളത്. ഏകദേശം രണ്ട് ലക്ഷം പേർ ഇതിനകം ഹോം വോട്ടിംഗ് നടത്തി കഴിഞ്ഞു.
വോട്ട് ചെയ്യാൻ വോട്ടർ ഐഡി കാർഡ് , ആധാർ കാർഡ് , പാൻ കാർഡ് , ഡ്രൈവിങ് ലൈസൻസ് , പാസ്പോർട്ട് ഇവ കയ്യിൽ കരുതാവുന്നതാണ്.ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരൻമാർക്കും ക്യൂ നിൽക്കാതെ വോട്ടുചെയ്യാം. റാംപ് സൗകര്യം, ടോയ്ലറ്റ് സൗകര്യം എന്നിവ ലഭ്യമായിരിക്കും. ബൂത്തിനുള്ളിൽ മൊബൈൽഫോൺ ഉപയോഗം കർശനമായി നിരോധിച്ചിട്ടുണ്ട്
തിരക്ക് നിയന്ത്രിക്കാൻ കണ്ണൂർ, കാസർകോട്, മലപ്പുറം, പാലക്കാട്, എറണാകുളം എന്നിവിടങ്ങളിൽ മാത്രമേ സഹായ ബൂത്തുകൾ ലഭ്യമായിട്ടുള്ളൂ. സംസ്ഥാനത്തെ 2040 ബൂത്തുകൾ നിർണായക സ്വഭാവമുള്ളവയാണ്. വനിതാ ഉദ്യോഗസ്ഥർ മാത്രം പ്രവർത്തിക്കുന്ന 352 ബൂത്തുകളും ഭിന്നശേഷിക്കാർ കൈകാര്യം ചെയ്യുന്ന 37 ബൂത്തുകളുമുണ്ട്.
884 ബൂത്തുകൾ മോഡൽ ബൂത്തുകളായിരിക്കും. സംസ്ഥാനത്ത് 43 സ്ഥലങ്ങളിലായി 140 പോളിംഗ് കളക്ഷൻ സെന്ററുകളും 140 വോട്ടെണ്ണൽ കേന്ദ്രങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും ഗർഭിണികൾക്കും സേവനം നൽകാൻ വോളന്റിയർമാരുണ്ടാകും.

