ഡൽഹി: ഐപിഎൽ നിലവിലെ സീസണിലെ ഏറ്റവും ആവേശകരമായ മത്സരങ്ങളിൽ ഒന്ന് എന്ന് നിസ്സംശയം വിശേഷിപ്പിക്കാവുന്ന മത്സരത്തിൽ, ഡൽഹി ക്യാപ്പിറ്റൽസിനെ ഒരു റണ്ണിന് തോൽപ്പിച്ച് ഗുജറാത്ത് ടൈറ്റൻസ്. കൂറ്റൻ സ്കോറുകൾ പിറന്ന മത്സരത്തിൽ, ഡൽഹി ബാറ്റ്സ്മാൻ ഡേവിഡ് മില്ലറുടെ അമിത ആത്മവിശ്വാസമാണ് ഗുജറാത്തിന് അവസാന പന്തിൽ തകർപ്പൻ ജയം സമ്മാനിച്ചത്.
ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്ത ഡൽഹിക്കെതിരെ ഗുജറാത്ത് 4ന് 210 എന്ന കൂറ്റൻ ടോട്ടൽ പടുത്തുയർത്തി. അർദ്ധസെഞ്ച്വറികൾ നേടിയ ക്യാപ്ടൻ ശുഭ്മാൻ ഗിൽ (45 പന്തിൽ 70), വാഷിംഗ്ടൺ സുന്ദർ (32 പന്തിൽ 55,) ജോസ് ബട്ട്ലർ (27 പന്തിൽ 52) എന്നിവരുടെ തകർപ്പൻ ബാറ്റിംഗാണ് ഗുജറാത്തിന് വമ്പൻ സ്കോർ സമ്മാനിച്ചത്. ഡൽഹിക്ക് വേണ്ടി മുകേഷ് കുമാർ 2 വിക്കറ്റ് വീഴ്ത്തി.
കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഡൽഹിക്ക് വേണ്ടി പാത്തും നിസങ്കയും കെ എൽ രാഹുലും ചേർന്ന് ഓപ്പണിംഗ് വിക്കറ്റിൽ 76 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. 41 റൺസുമായി നിസ്സങ്ക മടങ്ങിയെങ്കിലും, ആക്രമണം തുടർന്ന രാഹുൽ 52 പന്തിൽ 92 റൺസ് നേടി ഡൽഹിയെ വിജയവഴിയിൽ എത്തിച്ചു. നിതീഷ് റാണയും കഴിഞ്ഞ മത്സരങ്ങളിലെ തുറുപ്പ് ചീട്ട് സമീർ റിസ്വിയും പെട്ടെന്ന് മടങ്ങിയത് തിരിച്ചടിയായെങ്കിലും, മില്ലറെ കൂട്ടുപിടിച്ച് രാഹുൽ പോരാട്ടം തുടർന്നു. ഇടയ്ക്ക് പരിക്ക് പറ്റി മടങ്ങിയ മില്ലർ അവസാന നിമിഷം തിരികെയെത്തി കൂറ്റൻ അടികളിലൂടെ ഡൽഹിയെ വിജയത്തിന്റെ പടിവാതിലിൽ വരെ എത്തിച്ചു.
പ്രസീദ് കൃഷ്ണ എറിഞ്ഞ അവസാന ഓവറിലെ അവസാന 2 പന്തിൽ കേവലം 2 റൺസ് മാത്രം മതിയായിരുന്നു ഡൽഹിക്ക് ജയിക്കാൻ. എന്നാൽ അഞ്ചാം പന്തിൽ നേടാമായിരുന്ന അനായാസ സിംഗിൾ മില്ലർ വേണ്ടെന്ന് വെച്ചു. അവസാന പന്ത് ബാറ്റിൽ കിട്ടാതിരുന്ന മില്ലർ, സമനിലക്ക് വേണ്ടി ഇറങ്ങി ഓടിയെങ്കിലും, കുൽദീപ് യാദവ് സ്ട്രൈക്കിംഗ് എൻഡിൽ എത്തുന്നതിന് മുൻപേ ഗുജറാത്ത് കീപ്പർ ബട്ട്ലറുടെ ഏറ് കുറ്റി പിഴുതു. ഇതോടെ, ഗുജറാത്ത് അവിശ്വസനീയമായ ഒരു റൺ വിജയം ആഘോഷിക്കുകയായിരുന്നു.
4 ഓവറിൽ വെറും 17 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റുകൾ വീഴ്ത്തിയ ഗുജറാത്ത് സ്പിന്നർ റാഷിദ് ഖാന്റെ ബൗളിംഗും മത്സരത്തിൽ നിർണായകമായി. റാഷിദാണ് പ്ലെയർ ഓഫ് ദ് മാച്ച്.
സ്കോർ
ഗുജറാത്ത് ടൈറ്റൻസ്: 210-4 (20)
ഡൽഹി ക്യാപ്പിറ്റൽസ്: 209-8 (20)

